Breaking News

ഡ്രൈവർക്ക് യൂണിഫോമും ഐഡി കാർഡും, വാഹനങ്ങളിൽ ജിപിഎസ് നിർബന്ധം, സ്കൂള്‍ വാഹനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: സ്കൂള്‍ വാഹനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുന്‍പിലും പുറകിലും എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ വാഹനം എന്ന് ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം.മറ്റ് വാഹനങ്ങളില്‍ ”ഓണ്‍ സ്കൂള്‍ ഡ്യൂട്ടി” എന്ന ബോര്‍ഡുവെക്കണം. സ്കൂള്‍ മേഖലയില്‍ മണിക്കൂറില്‍ 30 കിലോമീറ്ററും മറ്റ് റോഡുകളില്‍ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയതായും ഗതാഗതമന്ത്രി ആന്‍റണി രാജു പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണറും ജി.പി.എസ് സംവിധാനവും സ്ഥാപിക്കണം. ഡ്രൈവര്‍ക്ക് കുറഞ്ഞത് പത്തു വര്‍ഷത്തെ ഡ്രൈവിംഗ് പരിചയവും ഹെവി വാഹനങ്ങള്‍ ഓടിക്കുന്നതില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആവശ്യമാണ്. ഡ്രൈവര്‍മാര്‍ വെള്ള ഷര്‍ട്ടും കറുപ്പ് പാന്‍റും ഐഡന്‍റിറ്റി കാര്‍ഡും ധരിച്ചിരിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ഡ്രൈവര്‍മാര്‍ മദ്യപിച്ച്‌ വാഹനമോടിച്ചതിനോ അമിത വേഗതയ്ക്കോ ശിക്ഷിക്കപ്പെട്ടവരല്ലെന്നും ഉറപ്പുവരുത്തണം. വാഹനത്തിന്‍റെ യന്ത്രക്ഷമത ഉറപ്പുവരുത്താന്‍ പരിശോധന നടത്തണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോര്‍ അറ്റന്‍ഡര്‍മാര്‍ വേണം. അവര്‍ കുട്ടികളെ സുരക്ഷിതമായി ബസില്‍ കയറാനും ഇറങ്ങാനും സഹായിക്കണം. സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ച്‌ മാത്രമേ വാഹനത്തില്‍ കുട്ടികളെ യാത്ര ചെയ്യാന്‍ അനുവദിക്കാവൂ. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു സീറ്റില്‍ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാം. നിന്ന് യാത്ര ചെയ്യുവാന്‍ കുട്ടികളെ അനുവദിക്കരുത്. ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റു വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതും മോട്ടോര്‍ വാഹന വകുപ്പ് /പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പരിശോധനാ സമയത്ത് ഹാജരാക്കുകയും വേണം. ഡോറുകള്‍ക്ക് ലോക്കുകളും ജനലുകള്‍ക്ക് ഷട്ടറുകളും സൈഡ് ബാരിയറുകളും ഉണ്ടായിരിക്കണം. സുസജ്ജമായ ഫസ്റ്റ് എയ്ഡ് ബോക്സ് എല്ലാ സ്കൂള്‍ വാഹനത്തിലും സൂക്ഷിക്കണം. സ്കൂള്‍ വാഹനങ്ങളില്‍ കുട്ടികള്‍ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള Convex cross view Mirror ഉം വാഹനത്തിനകത്ത് കുട്ടികളെ പൂര്‍ണമായി ശ്രദ്ധിക്കാന്‍ പറ്റുന്ന രീതിയിലുള്ള parabolic റിയര്‍വ്യൂ മിററും ഉണ്ടായിരിക്കണം. വാഹനത്തിനകത്ത് Fire extinguisher ഏവര്‍ക്കും കാണാവുന്ന രീതിയില്‍ ഘടിപ്പിച്ചിരിക്കണം, കൂളിംഗ് ഫിലിം / കര്‍ട്ടന്‍ എന്നിവ പാടില്ല. Emergency exit സംവിധാനം ഉണ്ടായിരിക്കണം. ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ/അനദ്ധ്യാപകനെയൊ റൂട്ട് ഓഫീസര്‍ ആയി നിയോഗിക്കേണ്ടതാണ്. സ്കൂളിന്‍റെ പേരും ഫോണ്‍ നമ്പറും വാഹനത്തിന്‍്റെ ഇരുവശങ്ങളിലും പ്രദര്‍ശിപ്പിക്കണം. വാഹനത്തിന്‍്റെ പുറകില്‍ ചൈല്‍ഡ് ലൈന്‍ (1098) പോലീസ് (100) ആംബുലന്‍സ് (102) ഫയര്‍ഫോഴ്സ് (101), മുതലായ ഫോണ്‍ നമ്ബറുകള്‍ പ്രദര്‍ശിപ്പിക്കണം. സ്കൂള്‍ വാഹനത്തിലെ ഡ്രൈവിംഗ് രീതികള്‍ കുട്ടികളെ സ്വാധീനിക്കുന്നതിനാല്‍ മാതൃകാപരമായി വാഹനങ്ങള്‍ ഓടിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top