Breaking News

ദൃശ്യങ്ങള്‍ ചോര്‍ന്നോയെന്ന് പരിശോധിക്കണം,സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച്‌ അതിജീവിത

തിരുവനന്തപുരം:നടിയെ ആക്രമിച്ച കേസില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച്‌ അതിജീവിത.ദൃശ്യങ്ങള്‍ ചോര്‍ന്നോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത കത്തയച്ചിരിക്കുന്നത്. കോടതിയുടെ പക്കലുള്ള മെമ്മറി കാര്‍ഡില്‍ കൃത്രിമത്വം നടന്നോയെന്ന് അന്വേഷിക്കണമെന്നും ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും അതിജീവിത കത്തില്‍ ആവശ്യപ്പെട്ടു.

കേസില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി വേണം. വിചാരണ കോടതി ജഡ്ജി വസ്തുതകള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നുവെന്ന് ഭയക്കുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടി. കോടതി ജീവനക്കാരെ രക്ഷിക്കാന്‍ അന്വേഷണം ഒഴിവാക്കുമോ എന്ന് ആശങ്കയുണ്ടെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ പറയുന്നു.

അതേസമയം സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ അതിജീവിതയോട് ഇന്ന് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞു. അതിജീവിതയ്ക്ക് താല്‍പ്പര്യമുള്ളയാളെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. കേസിന്റെ വിചാരണക്കിടെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചിരുന്നു. കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ചായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചത്.

കാവ്യയെ ചോദ്യം ചെയ്തത് നാലരമണിക്കൂര്‍

നടിയെ ആക്രമിച്ച കേസില്‍ കാവ്യമാധവന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ വീട്ടില്‍ നിന്നും മടങ്ങി. നാലരമണിക്കൂറാണ് അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്.

നടന്‍ ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം കാവ്യമാധവനെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ്, വധഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന എസ്പി മോഹനചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ച കേസിനൊപ്പം വധഗൂഢാലോചനക്കേസിലും അന്വേഷണസംഘം കാവ്യയുടെ മൊഴി രേഖപ്പെടുത്തി.

12 മണിയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ 4: 40 വരെ നീണ്ടു. ഇന്നത്തെ വിശദമായ മൊഴി പരിശോധിച്ച ശേഷമായിരിക്കും അന്വേഷണസംഘം തുടര്‍നടപടികള്‍ സ്വീകരിക്കുക.നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവന്‍. കാവ്യാ മാധവനെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന ചില ശബ്ദരേഖകളും മറ്റും പുറത്തുവന്നതിന് പിന്നാലെ നടിയെ വിശദമായി തന്നെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനമെടുക്കുകയായിരുന്നു.ആക്രമണത്തിന് ഇരയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണ് കേസിനു വഴിയൊരുക്കിയ പീഡനത്തിന് കാരണമായതെന്നു വ്യക്തമാക്കുന്ന ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. കൂടാതെ കേസുമായി ബന്ധപ്പെട്ട് കാവ്യയുടെ സാന്നിധ്യം വ്യക്തമാക്കുന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴികളും ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്.

ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുപോകരുതെന്ന് ക്രൈംബ്രാഞ്ച് മേധാവി അന്വേഷണസംഘത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.നടിയെ ആക്രമിച്ച സംഭവത്തിന് മുമ്ബ്, ആക്രമണത്തിന് ഇരയായ നടിയും, ദിലീപ്, മഞ്ജു വാര്യര്‍ എന്നിവര്‍ക്കിടയില്‍ ഏതെങ്കിലും സാമ്ബത്തിക, റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ നടത്തിയിട്ടുണ്ടോയെന്ന അന്വേഷണത്തില്‍ ചില സൂചനകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും വീട്ടില്‍വെച്ച്‌ ചോദ്യംചെയ്യാമെന്നായിരുന്നു കാവ്യാ മാധവന്റെ നിലപാട്. എന്നാല്‍ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ബുദ്ധിമുട്ടും സൗകര്യക്കുറവും ചൂണ്ടിക്കാണിച്ച്‌ ക്രൈംബ്രാഞ്ച് സംഘം അന്ന് ചോദ്യംചെയ്യല്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top