Breaking News

തപാല്‍ വകുപ്പിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് ,കുടുങ്ങരുതെന്ന് മുന്നറിയിപ്പ്

കൊച്ചി: ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സജീവം.ഇന്ത്യാ പോസ്റ്റിന്റെ യഥാര്‍ത്ഥ വിവരങ്ങളാണെന്നു കരുതി, തട്ടിപ്പുകാര്‍ പുറത്തുവിട്ടിരിക്കുന്ന വെബ് സൈറ്റിന്റെ ലിങ്ക് വ്യാപകമായി വാട്സ് ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം പലർക്കും രണ്ടു മൂന്നു ചോദ്യങ്ങൾക്ക് ഉത്തരം നൽകി കഴിയുമ്പോഴേക്കും 6000 രൂപ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നാണ് അഭിനന്ദന സന്ദേശമായി ആദ്യം വരുന്നത്. പിന്നീടാണ് ഈ ലിങ്ക് മറ്റു വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്യാനും അക്കൗണ്ട് നമ്പർ ആധാർ നമ്പർ തുടങ്ങിയവയും ചോദിക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഫിഷിങ് (Phishing) എന്നറിയപ്പെടുന്ന രീതിയാണ് തട്ടിപ്പുകാര്‍ നടത്തുന്നത്.ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ് മുഖാന്തിരം സര്‍ക്കാര്‍ സബ്സിഡികള്‍ വിതരണം ചെയ്യുന്നു എന്ന തരത്തിലാണ് തട്ടിപ്പ്. ഇന്ത്യാ പോസ്റ്റിന്റെ യഥാര്‍ഥ വിവരങ്ങളാണെന്നു കരുതി തട്ടിപ്പുകാര്‍ പുറത്തുവിട്ടിരിക്കുന്ന വെബ് സൈറ്റിന്റെ ലിങ്ക് വ്യാപകമായി വാട്സ് ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച്‌ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തട്ടിപ്പിന്റെ രീതി ഫിഷിങ് (Phishing):

ഒരു വ്യക്തിയെ അല്ലെങ്കില്‍ പ്രസ്ഥാനത്തെ കബളിപ്പിച്ച്‌ അവരുടെ തന്ത്രപ്രധാന വിവരങ്ങള്‍ തട്ടിയെടുക്കുന്നതിനോ, അവരുടെ കമ്പ്യൂട്ടറുകളിലോ സ്മാര്‍ട്ട് ഫോണുകളിലോ ആക്രമണകാരികളായ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുന്നതിനോ ഉപയോഗിക്കുന്ന സോഷ്യല്‍ എഞ്ചിനീയറിങ് രീതിയാണ് ഫിഷിങ്.

ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ് മുഖാന്തിരം സര്‍ക്കാര്‍ സബ്സിഡികള്‍ വിതരണം ചെയ്യുന്നു എന്ന തരത്തില്‍ ഒരു ലിങ്ക് വാട്സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ തട്ടിപ്പുകാര്‍ പുറത്തുവിടുന്നു. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഇന്ത്യാ പോസ്റ്റിന്റെ ലോഗോയും ചിത്രങ്ങളും അടങ്ങിയ വെബ്സൈറ്റ് തെളിയും. ഇവിടെ നിന്നും നിങ്ങള്‍ക്ക് 6000 രൂപ ഗവണ്‍മെന്റ് സബ്സിഡി ഇനത്തില്‍ ലഭിക്കാനുണ്ട് എന്ന സന്ദേശം ലഭിക്കുന്നു. തുടര്‍ന്ന് അവര്‍ നല്‍കിയിട്ടുള്ള ലളിതമായ ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ആവശ്യപ്പെടുന്നു. ഇവിടെ നിന്നാണ് പണി തുടങ്ങുന്നത്.

ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പിന്റെ യഥാര്‍ഥ വെബ്സൈറ്റ് ആണെന്നു കരുതി ഇതെല്ലാം ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്കുള്ള സമ്മാനം ലഭിക്കുന്നതിനുവേണ്ടി അതില്‍ തന്നിട്ടുള്ള ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടും. ക്ലിക്ക് ചെയ്താല്‍ വന്‍ തുകയോ പുതിയ വാഹനങ്ങളോ ഒക്കെയായിരിക്കും നിങ്ങള്‍ക്ക് സമ്മാനമായി ലഭിക്കുന്നത്. ഈ സമ്മാനം ലഭിക്കുന്നതിനുവേണ്ടി അവര്‍ നല്‍കുന്ന ലിങ്ക് 4 വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കോ അതല്ലെങ്കില്‍ 20 വാട്സ് ആപ്പ് നമ്പറിലേക്കോ അയച്ചു നല്‍കാന്‍ ആവശ്യപ്പെടും. ഇതുകൊണ്ട് തീരുന്നില്ല.

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ ഫോട്ടോ, ഫോണ്‍ നമ്പർ തുടങ്ങിയവയാണ് പിന്നീട് നല്‍കേണ്ടത്. ഇതെല്ലാം അയച്ചാല്‍ പിന്നീടാണ് പണി തുടങ്ങുന്നത്. സമ്മാനം – സമ്മാനത്തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്നതിനുവേണ്ടി പ്രോസസിങ് ചാര്‍ജ്, രജിസ്ട്രേഷന്‍ ഫീസ് തുടങ്ങിയ തട്ടിപ്പുകള്‍ പറഞ്ഞ് ആദ്യം പ്രലോഭിപ്പിച്ചും പിന്നീട് ഭീഷണിപ്പെടുത്തിയും ചെറിയ തുകകളായി തട്ടിപ്പുകാര്‍ പണം കൈക്കലാക്കും. വലിയ തുക ലഭിക്കാനുണ്ടെന്നുള്ള കരുതലില്‍ തട്ടിപ്പിനിരയാകുന്നവര്‍ പലപ്പോഴായി ചെറിയ തുകകള്‍ അയച്ചു നല്‍കും. ചുരുക്കത്തില്‍ പണം നഷ്ടപ്പെടുന്ന വഴിയറിഞ്ഞു വരുമ്ബോള്‍ ഇരയായിരിക്കും. അതല്ലെങ്കില്‍ നിങ്ങളുടെ വിവരങ്ങളെല്ലാം മനസിലാക്കിയ തട്ടിപ്പുകാര്‍ നിങ്ങളുടെ ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ അപകടകരമായ ലിങ്കുകള്‍ അയച്ചു നല്‍കുകയും അതില്‍ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിന്റേയും കമ്പ്യൂട്ടറിൻ്റെയും നിയന്ത്രണം കൈക്കലാക്കിയ ശേഷം നിങ്ങളറിയാതെ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കും.

ഇന്ന് പോസ്റ്റല്‍ വകുപ്പിന്റെ പേരിലാണ് ഈ തട്ടിപ്പെങ്കില്‍ ഇതിന് മുന്‍പും സമാനമായ തട്ടിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. പലരുടേയും അക്കൗണ്ടുകള്‍ കാലിയായിട്ടുമുണ്ട്. ഇന്ത്യന്‍ ഓയില്‍ സബ്സിഡി ഗിഫ്റ്റ്, ആമസോണില്‍ നിന്നുള്ള ഗിഫ്റ്റ്, പ്രമുഖ ബ്രാന്‍ഡുകളുടെ ജന്മദിനാഘോഷ സമ്മാനം ഇങ്ങനെ പോകുന്നു തട്ടിപ്പിന്റെ വേര്‍ഷനുകള്‍. ചില ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ മതി നമ്മള്‍ പോലുമറിയാതെ ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള മറ്റുള്ളവരിലേക്ക് ഈ ലിങ്കുകള്‍ എത്തിപ്പെടാം.

അബദ്ധത്തിൽ ചാടാതിരിക്കാൻ:

ഇന്ത്യാ പോസ്റ്റിന്റെയടക്കം പ്രചരിക്കുന്ന ഇത്തരം ലിങ്കുകള്‍ അവഗണിക്കുക. അതില്‍ ക്ലിക്ക് ചെയ്യുകയോ ആര്‍ക്കും അയച്ചു കൊടുക്കുകയോ അരുത്. ഇന്ത്യന്‍ തപാല്‍ വകുപ്പ് ഇത്തരത്തില്‍ ആര്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നില്ല എന്നറിയുക. യഥാര്‍ഥ ഇന്ത്യന്‍ തപാല്‍ വകുപ്പ് (ഇന്ത്യാ പോസ്റ്റ്) വെബ്സൈറ്റിന്റെ ശരിയായ വെബ് വിലാസം (URL) ശ്രദ്ധിക്കുക. ഇപ്പോള്‍ പ്രചരിക്കുന്ന വ്യാജ വെബ്സൈറ്റിന്റെ തെറ്റിദ്ധരിപ്പിക്കുന്ന വെബ് വിലാസവും തിരിച്ചറിയുക. നമ്മള്‍ ശ്രദ്ധിക്കാതെ ഫോര്‍വേഡ് ചെയ്യുന്ന ഒരു സന്ദേശം ചിലപ്പോള്‍ മറ്റുള്ളവരുടെ സമ്പാദ്യം നശിപ്പിച്ചേക്കാം.

കേരള വിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ താഴെക്കാണുന്ന ചുവന്ന നിറത്തിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top