Breaking News

കെഎസ്ആർടിസി ബസിന് മുന്നിൽ ‘പടയപ്പ’;കൊമ്പു കൊണ്ട് ഗ്ലാസ് പൊട്ടി/വീഡിയോ

Video:Amal

തൊടുപുഴ:മൂന്നാറിലേക്കു പോയ കെഎസ്ആർടിസി ബസിന്റെ മുന്നിലെത്തിയ കാട്ടുകൊമ്പൻ ‘പടയപ്പ’  അല്പം ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിച്ചു. ഉദുമൽപേട്ട–മൂന്നാർ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ ബസിനു മുൻപിലാണ് ‘പടയപ്പ’ എത്തിയത്. മൂന്നാർ ഡിവൈഎസ്‌പി ഓഫിസിനു മുന്നിൽ വച്ചാണ് ആന വാഹനത്തിനു മുന്നിലേക്ക് എത്തിയത്.

വണ്ടിയുടെ മുൻവശത്ത് നിലയുറപ്പിച്ച ആനയെക്കണ്ട് യാത്രക്കാർ ഭയന്നെങ്കിലും ഡ്രൈവർ ബാബുരാജ് മനസ്സാന്നിധ്യം കൈവിട്ടില്ല. തുമ്പിക്കൈ ഉയർത്തിയും മറ്റും ബസിനു മുന്നിൽ അൽപനേരം തുടർന്ന ആനയുടെ കൊമ്പുരഞ്ഞ് വണ്ടിയുടെ മുൻവശത്തെ ഗ്ലാസിൽ പൊട്ടലുണ്ടായി. ആന വശത്തേക്കു മാറിയയുടൻ ബസുമായി ഡ്രൈവർ മുന്നോട്ടു പോകുന്നതും മറ്റും യാത്രക്കാരിൽ ഒരാൾ പകർത്തിയ വിഡിയോയിൽ വ്യക്തമാണ്.

മൂന്നാറിലെ തമിഴ് തൊഴിലാളികളാണ് ‘പടയപ്പ’യെന്ന ഓമനപ്പേരിൽ ഈ ആനയെ വിളിച്ചുതുടങ്ങിയത്. കാട്ടാനക്കൂട്ടങ്ങൾ ഇടുക്കിയിലെ എസ്റ്റേറ്റ് മേഖലകളില്‍ ഇറങ്ങി ആക്രമണങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ആരെയും ഉപദ്രവിക്കാതെ ഭക്ഷണസാധനങ്ങള്‍ മാത്രം കണ്ടെത്തി കഴിച്ച് നാട് ചുറ്റുന്ന രീതിയാണ് ‘പടയപ്പ’യ്ക്കുള്ളത്.

ലോക്ഡൗൺ സമയത്ത് മൂന്നാര്‍ ടൗണില്‍ സ്ഥിരം സന്ദർശകനായ ഈ കാട്ടാന മാസങ്ങൾ പിന്നിട്ടെങ്കിലും ഉള്‍ക്കാട്ടിലേക്ക് പോകാന്‍ തയാറായില്ല. ആദ്യകാലങ്ങളില്‍ ട്രാക്ടര്‍ ‘പടയപ്പ’യ്ക്ക് ഭയമായിരുന്നെങ്കിലും ജനവാസമേഖലയില്‍ തമ്പടിച്ചതോടെ ആ ഭയവും ഇല്ലാതായി. പ്രായാധിക്യം മൂലം കാട്ടില്‍ പോയി ആഹാരം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ജനവാസമേഖലയിലെ സമീപങ്ങളിലാണ് ഈ ആനയെ പൊതുവേ കാണാറുള്ളത്.

പടയപ്പ’യും കാട്ടിൽനിന്നിറങ്ങിയ ഒറ്റയാനും തമ്മിൽ ഫെബ്രുവരിയിൽ ഏറ്റുമുട്ടിയിരുന്നു. സ്വതവേ ശാന്തസ്വഭാവമുള്ള ‘പടയപ്പ’ ആ സംഭവത്തിന് ശേഷം അൽപം പ്രകോപിതനാണെന്നാണ് നാട്ടുകാർ പറയുന്നത്. മാർച്ച് അവസാനം കൊളുന്തു ചാക്കുകൾ കയറ്റിയ ട്രാക്റ്റർ ‘പടയപ്പ’ 50 അടി താഴ്ചയിലേക്ക് കുത്തിമറിച്ചിട്ടിരുന്നു. ആന എതിരെ വരുന്നത് കണ്ട് ട്രാക്ടറിൽ ഉണ്ടായിരുന്ന രണ്ടു തൊഴിലാളികളും ഡ്രൈവറും ഇറങ്ങി ദൂരെ മാറി നിന്നതാണ് അന്ന് ആളപായം ഒഴിവാക്കിയത്.

 Padayappa in front of KSRTC bus.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top