Breaking News

പ്രധാനമന്ത്രിക്ക് അനുകൂല നിലപാട്, പ്രതീക്ഷ നൽകുന്നതെന്നും മുഖ്യമന്ത്രി

ന്യൂഡൽഹി:സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടിക്കാഴ്ച പദ്ധതി വേഗത്തിലാക്കാൻ സഹായകമാകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പദ്ധതിയോട് പ്രധാനമന്ത്രിക്ക് അനുകൂല നിലപാടാണ്. പ്രധാനമന്ത്രിയുമായി നല്ല ചർച്ച നടന്നു. പ്രതികരണങ്ങൾ ആരോഗ്യപരമായിരുന്നു. റെയിൽവേ മന്ത്രിയുമായി സംസാരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി. പരിസ്ഥിതി സൗഹൃദ യാത്രാ സംവിധാനം പ്രധാനമാണ്. ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ കേരളത്തിൽ യാത്രാ വേഗം കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിൽവർലൈന്‍ പദ്ധതിയെ എതിർക്കുന്നവരും അതിവേഗ യാത്രാസൗകര്യം ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ റോഡ് ഗതാഗതത്തിന്റെ വേഗം മറ്റു സംസ്ഥാനങ്ങളെക്കാൾ 40 ശതമാനം കുറവാണ്. റെയില്‍ ഗതാഗതത്തിനു 30 ശതമാനം വേഗക്കുറവുണ്ട്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ യാത്രാ സംവിധാനം ഭാവിയുടെ ആവശ്യം. 2050 ഓടെ കേരളത്തെ കാർബണ്‍ ബഹിർഗമനം കുറഞ്ഞ സംസ്ഥാനമാക്കുകയാണ് ലക്ഷ്യം. ദേശീയപാത വികസനം വൈകിയത് പദ്ധതിയുടെ ചെലവ് കൂടാൻ കാരണമായി. 

ഏറ്റവും സുരക്ഷിതമായ യാത്രാ സംവിധാനമാണ് സിൽവർലൈൻ. 63,941 കോടി രൂപയാണ് സിൽവർലൈൻ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. അതിൽ 33,700 കോടി രൂപ വിദേശ ഏജൻസികളിൽനിന്ന് വായ്പയെടുക്കും. റെയിൽവേ വിഹിതം 3,125 കോടി രൂപയും സംസ്ഥാന സർക്കാരിന്റെ വിഹിതം 3253 കോടി രൂപയുമാണ്. വിദേശവായ്പ ലഭ്യമാക്കാനുള്ള നടപടികൾ കേന്ദ്രസർക്കാരാണ് സ്വീകരിക്കുന്നത്. വിദേശകടത്തിന്റെ ബാധ്യതയും ഭൂമി ഏറ്റെടുക്കൽ ചെലവും കേരളം വഹിക്കും.

പദ്ധതി പരിസ്ഥിതി സൗഹൃദമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ സിൽവർലൈന്‍ വരില്ല. പദ്ധതിയുടെ വിശദമായ പരിസ്ഥിതി ആഘാത പഠനം ഒരുവർഷത്തിനകം നടത്തും. സ്വാഭാവിക നീരൊഴുക്ക് തടയാതിരിക്കാൻ ഓവുചാലുകൾ നിർമിക്കും. 

9394 കെട്ടിടങ്ങളാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരിക. ഭൂമി ഏറ്റെടുക്കാനുള്ള സർവേയല്ല ഇപ്പോൾ നടക്കുന്നത്. ആരുടെയെല്ലാം ഭൂമി ഏറ്റെടുക്കേണ്ടിവരും എന്ന് കണ്ടെത്താനുള്ള പഠനത്തിനാണ് കല്ലിടൽ നടത്തുന്നത്. പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ പരിസ്ഥിതി അനുമതി ആവശ്യമില്ല. 

വരുമാനത്തിന്റെ 95 ശതമാനവും ടിക്കറ്റിൽ നിന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ 48,000 പേർ സിൽവർലൈനിലേക്ക് മാറുെന്നാണ് പ്രതീക്ഷ. സിൽവർലൈൻ നിർമാണഘട്ടത്തിൽ 50,000 പേർക്ക് തൊഴിൽ അവസരം ലഭിക്കും. ഒരാളെയും ദ്രോഹിച്ചുകൊണ്ട് സിൽവർലൈൻ നടപ്പാക്കില്ല. നാട്ടിൽ വികസനം പാടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ചിന്ത. തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ സമരത്തിനിറക്കുകയാണ് പ്രതിപക്ഷം. 

പദ്ധതി കാരണം ആർക്കും നഷ്ടം വരില്ല. കല്ലിടൽ കഴിഞ്ഞുമാത്രമാണ് ഭൂമി ഏറ്റെടുക്കൽ. ഭൂമിക്കും സ്വത്തിനും അധികവില നൽകും. കല്ലിടലിനു ശേഷം ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവരുമായി ചർച്ച നടത്തും. സിൽവർലൈൻ ദേശീയ റെയിൽ പ്ലാനിന്റെ ഭാഗമാണ്. ദേശീയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലും സിൽവർലൈൻ ഉൾപ്പെടും. പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയുടെ ഭാഗമായി കൂടി സിൽവർലൈനിനെ കാണണം. 

സിൽവർലൈൻ പദ്ധതിക്കെതിരായ സമരം നാടിന്റെ പ്രതിഷേധമായി കാണേണ്ട. തീവ്രവാദ സ്വഭാവം ഉള്ളവരും സമരത്തിൽ കാണും. നാടിന് ഗുണകരമായ പദ്ധതികൾ പ്രതിഷേധത്തിന്റെ പേരിൽ ഉപേക്ഷിക്കില്ല. വികസന വിരുദ്ധ വിദ്രോഹസഖ്യത്തെ തുറന്നുകാട്ടും. സമരത്തിന് അനാവശ്യമായ പ്രാധാന്യം നൽകി ചില മാധ്യമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. സമരങ്ങൾ അമിത പ്രാധാന്യം നൽകുന്നതിൽ നിന്ന് മധ്യമങ്ങൾ പിന്മാറണം. 

സിൽവർലൈൻ‍ ബഫർ സോണിന് നഷ്ടപരിഹാരമില്ല. ഏറ്റെടുക്കുന്ന ഭൂമിക്ക് മാത്രമേ നഷ്ടപരിഹാരം നൽകൂ. ബഫർ സോണിന്റെ ദൈർഘ്യത്തെക്കുറിച്ച് കെ–റെയിൽ എംഡി പറഞ്ഞതാണ് ശരിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. പദ്ധതി കൊണ്ടുള്ള നേട്ടങ്ങളും രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനങ്ങൾ, പിഎം ഗതിശക്തിയിൽ ഇതുൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ അവതരിപ്പിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top