Breaking News

കല്ലിടലിനെതിരെ ഇന്നും വ്യാപക പ്രതിഷേധം, കൊല്ലത്ത് സംഘർഷം,തിരുനാവായയിൽ സർവ്വേ മാറ്റിവച്ചു

കൊച്ചി: സില്‍വര്‍ ലൈന്‍പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം.എറണാകുളം ചോറ്റാനിക്കരയിലും കോഴിക്കോട് കല്ലായിലും മലപ്പുറം തിരുനാവായയിലും കോട്ടയം നട്ടാശ്ശേരിയിലും കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ചോറ്റാനിക്കര പഞ്ചായത്തിലെ അടിയാക്കല്‍ പാടത്ത് സ്ഥാപിച്ച പത്തു കല്ലുകള്‍ പിഴുത് മാറ്റിയിരുന്നു. കല്ലുകള്‍ വ്യാപകമായി പിഴുതെറിഞ്ഞ ചോറ്റാനിക്കരയില്‍ ഇന്ന് സര്‍വേ പുനരാരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഇത് കണക്കിലെടുത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തമ്പടിച്ചിരിക്കുകയാണ്.

പാവപ്പെട്ടവന്റെ പറമ്പിൽ മാത്രമല്ല, റോഡിലും കുറ്റിയടിക്കണമെന്നാണ് കോഴിക്കോട് കല്ലായിയില്‍ ജനങ്ങള്‍ ആവശ്യപ്പെടുന്നത്. റോഡില്‍ പെയിന്റു കൊണ്ട് മാര്‍ക്ക് ചെയ്തശേഷം പോകാമെന്നാണ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരുന്നത്. ജനങ്ങളുടെ വീട്ടിലും മുറ്റത്തും പറമ്പിലും കുറ്റിയടിക്കാമെങ്കില്‍, സര്‍ക്കാര്‍ ഭൂമിയിലും റോഡിലും കുറ്റിയടിക്കണമെന്നും, അല്ലാതെ ഉദ്യോഗസ്ഥരെ വിടില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. നൂറുകണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രദേശത്ത് വന്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. മീഞ്ചന്തയിലെ അതിരടയാള കല്ലുകള്‍ ബിജെപി പ്രവർത്തകർ പിഴുതുമാറ്റി.

മലപ്പുറം തിരുനാവായയിലും സര്‍വേക്കെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുകയാണ്. പ്രതിഷേധം കണക്കിലെടുത്ത് തിരുനാവായയിലെ സര്‍വേ മാറ്റിവെച്ചിട്ടുണ്ട്. കോട്ടയം കുഴിയാലി പടിയിലിലും നട്ടാശേരിയിലും ജനകീയ പ്രതിഷേധം നടക്കുകയാണ്. നട്ടാശേറിയില്‍ അതിരടയാളം സ്ഥാപിക്കാന്‍ എത്തിച്ച കല്ലുകളുമായി എത്തിയ വാഹനത്തിന് മുകളില്‍ ജനങ്ങള്‍ കയറി പ്രതിഷേധിക്കുന്നു. കല്ലുകള്‍ ഇറക്കാന്‍ സമ്മതിക്കില്ലെന്നും സമരക്കാര്‍ വ്യക്തമാക്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കോട്ടയം ഡിസിസി പ്രസിഡന്റ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

കൊല്ലം കളക്ടറേറ്റില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരം അക്രമാസക്തമായി. സമരത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ പ്രതീകാത്മകമായി കല്ലിടാനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. സമരത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് കളക്ടറേറ്റിന് കനത്ത ബന്തവസ്സ് ഏര്‍പ്പെടുത്തിയിരുന്നു. ഏതാനും പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറികടന്ന് കളക്ടറേറ്റില്‍ കയറിയപ്പോള്‍, പൊലീസ് ബലം പ്രയോഗിച്ച്‌ നീക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.

അതിനിടെ, സില്‍വര്‍ലൈന്‍ സമരത്തിനെതിരെ പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുതെന്ന് ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കി. പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്നും ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. സമരക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ ബലപ്രയോഗം വിവാദമായ സാഹചര്യത്തിലാണ് നിര്‍ദ്ദേശം. അതേസമയം മാടപ്പള്ളി കെ റെയില്‍ സമരത്തിനിടെ പ്രതിഷേധവുമായത്തിയ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സമരമുഖത്ത് കുട്ടിയുമായെത്തിയ ജിജി ഫിലിപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആണ് കേസെടുത്തത്. പൊലീസിനെതിരെ മണ്ണെണ്ണയൊഴിച്ചതിനും വനിതാ പൊലീസിനെ ആക്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top