Breaking News

വന്ദേഭാരത് ബദലല്ല,സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കില്ല,കേന്ദ്രസര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി

ദുബായ്:സംസ്ഥാനം സില്‍വര്‍ ലൈന്‍ പദ്ധതിയുമായി  മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍ബന്ധബുദ്ധിയുടെയോ വാശിയുടെയോ പ്രശ്്‌നമല്ല. കാലത്തിന് അനുസരിച്ചുള്ള മാറ്റം എല്ലാ മേഖലയിലും ഉണ്ടാകണം. ചിലര്‍ കാര്യമറിയാതെ വിമര്‍ശിക്കുന്നു. ചിലര്‍ക്ക് മറ്റുചില ഉദ്ദേശ്യമുണ്ടെന്നും പിണറായി പറഞ്ഞു.

സില്‍വര്‍ ലൈന്‍ വേണമെന്നാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് യോജിച്ചതല്ല. ഇക്കാര്യം മെട്രോമാന്‍ ഇ ശ്രീധരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു.

വിദേശ നാടുകളുടെ പുരോഗതിയും മാറ്റവും ആരെയും കൊതിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.സര്‍ക്കാരിനെ ജനം അധികാരത്തില്‍ എത്തിക്കുന്നത് നാടിന്റെ വികസനത്തിനാണെന്നും അത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

ഗള്‍ഫ് രാജ്യങ്ങളിലേതു പോലുള്ള പുരോഗതിയിലേക്ക് നമ്മുടെ നാട് എന്നെത്തും എന്ന് ചിന്തിക്കുന്നവരാണ് പ്രവാസികള്‍. എല്ലാം വികസനവും നേടി എന്ന് അവകാശപ്പെടുന്നില്ല. നാഷണല്‍ ഹൈവേ വികസനം നടക്കില്ലെന്നായിരുന്നു പലരും ധരിച്ചിരുന്നത്. എന്നാല്‍ എല്ലാവരും ഈ പദ്ധതിയെ പിന്തുണക്കുകയാണുണ്ടായത്. ഗുജറാത്തില്‍ നടപ്പാക്കിയ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി സംസ്ഥാനത്ത് ഉപേക്ഷിച്ചു പോയ ഒന്നായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച്‌ ആളുകള്‍ക്ക് അവബോധം നല്‍കിയതു കൊണ്ടാണ് പദ്ധതി നടപ്പിലായത്. വികസന കാര്യത്തില്‍ നാട് ഒരുമിച്ചു നില്‍ക്കണം. മലയോര, തീരദേശ പാത വികസനവും മുന്നോട്ട് പോകണം. മുഖ്യമന്ത്രി വിശദമാക്കി.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭുമി ഏറ്റെടുക്കാനാവില്ലെന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. ഇന്നലെ ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു അശ്വതി വൈഷ്ണവിന്റെ പ്രതികരണം. അന്തിമ സര്‍വെ നടത്താതെ ഭൂമി ഏറ്റെടുക്കാനാകില്ലെന്നും പദ്ധതിയുടെ ഗൗരവതരമായ സാങ്കേതിക പിഴവുകള്‍ ഇ ശ്രീധരന്‍ ചൂണ്ടിക്കാട്ടിയതായും റെയില്‍വെ മന്ത്രി വ്യക്തമാക്കി.

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് ബിജെപി നേതാക്കള്‍ റെയില്‍വെ മന്ത്രിയെ കണ്ടത്. കേന്ദ്രസഹമന്ത്രി വി മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ഇ ശ്രീധരന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായത്. സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വലിയതോതില്‍ ഉയര്‍ന്ന പ്രതിഷേധം ബിജെപി നേതാക്കള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തടുത്തുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top