Breaking News

ശരീരത്തിലെ വിഷം പൂർണമായും നീക്കി,നടക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നു, വാവ സുരേഷിനെ മുറിയിലേക്ക് മാറ്റി

കോട്ടയം: മൂര്‍ഖന്‍ പാമ്പിൻ്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് പൂര്‍ണ ആരോഗ്യത്തിലേയ്‌ക്ക് അതിവേഗം മടങ്ങി എത്തുകയാണെന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.അദ്ദേഹം തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും എന്നാണ് വിവരം. മൂര്‍ഖന്റെ കടിയിലൂടെ ശരീരത്തില്‍ പ്രവേശിച്ച വിഷം പൂര്‍ണമായും നീക്കിയതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

പരസഹായമില്ലാതെ നടക്കാനും, ഭക്ഷണം കഴിക്കാനും വാവ സുരേഷിന് ഇപ്പോള്‍ സാധിക്കുന്നുണ്ട്. രണ്ട് ദിവസം കൂടി നിരീക്ഷിക്കേണ്ടതിനാലാണ് ഡിസ്ചാര്‍ജ് തിങ്കാഴ്ചത്തേയ്‌ക്ക് മാറ്റിയത്. ഓര്‍മശക്തി വീണ്ടെടുത്ത സുരേഷിന് ഇന്നലെ തന്നെ എഴുന്നേറ്റ് ഇരിക്കാന്‍ സാധിച്ചിരുന്നു. ആരോഗ്യത്തില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് ഇന്നലെ തന്നെ അദ്ദേഹത്തെ ഐസിയുവില്‍ നിന്നും മുറിയിലേയ്‌ക്ക് മാറ്റിയിരുന്നു.

വാവ സുരേഷിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലവില്‍ സാധാരണ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. സാധാരണഗതിയില്‍ ശ്വാസം എടുക്കുന്നുണ്ടെന്നും അവയവങ്ങള്‍ക്ക് കൂടുതല്‍ ചലനശേഷി കൈവരിച്ചതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. കുറിച്ചിയില്‍ പിടികൂടിയ മൂര്‍ഖനെ ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. കടിയേറ്റിട്ടും പതറാതെ വാവ സുരേഷ് മൂര്‍ഖനെ പ്ലാസ്റ്റിക് ടിന്നിലാക്കിയ ശേഷമായിരുന്നു ആശുപത്രിയിലേക്ക് തിരിച്ചത്.

വലുതുകാലിലെ തുടയിലാണ് വാവ സുരേഷിന് കടിയേറ്റത്. ഏറെ നിമിഷം പാമ്പ് കടിച്ചുപിടിച്ചു. മനസ് പതറാതെ സുരേഷ് പാമ്ബിനെ പണിപ്പെട്ട് വലിച്ചെടുത്തു.പിടിവിട്ടപ്പോള്‍ പാമ്പ് നിലത്തേക്കാണ് വീണത്. കാഴ്ചക്കാരായി ഉണ്ടായിരുന്നവര്‍ നാലുപാടും ചിതറിയോടി. ധൈര്യം കൈവിടാതെ വാവസുരേഷ് മൂര്‍ഖനെ വീണ്ടും പിടികൂടി. ചാക്കിനുപകരം ടിന്‍ കിട്ടുമോയെന്ന് നാട്ടുകാരോട് ചോദിച്ചു. ആരോ കൊടുത്ത ടിന്നിലേക്ക് പാമ്ബിനെ ഇട്ടശേഷം കാറില്‍ കയറി.

യാത്രക്കിടെയെല്ലാം അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. ‘എന്റെ കണ്ണ് മറിയുന്നു, മയങ്ങിപ്പോകുകയാണ്, എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലേക്ക് കാര്‍ വിട്ടോ’-ആശുപത്രിയിലേക്കുള്ള യാത്രക്കിടെ വാവ സുരേഷ് പറഞ്ഞു. എത്ര സമയം കൊണ്ട് ആശുപത്രിയിലെത്തുമെന്നും അദ്ദേഹം ഒപ്പമുള്ളവരോട് ചോദിച്ചുകൊണ്ടിരുന്നുവെന്ന് കുറിച്ചി സ്വദേശി സുധീഷ്ഭവനില്‍ സുധീഷ്‌കുമാര്‍ പറയുന്നു.

 

പിടികൂടിയ പാമ്പുമായി താന്‍ വന്ന കാറിലായിരുന്നു വാവയുടെ യാത്ര. എന്നാല്‍ ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് വഴിയറിയാത്തതിനാല്‍ കുറിച്ചി പാട്ടാശേരിയില്‍ നിന്ന് 100 മീറ്റര്‍ കഴിഞ്ഞപ്പോള്‍ പിന്നാലെയുണ്ടായിരുന്ന കാറിലാണ് ആശുപത്രിയിലേക്ക് പോയത്. ആന്റിവെനം കുത്തിയാല്‍ രക്ഷപ്പെടും, പേടിക്കാനില്ലെന്നും വാവ പറഞ്ഞു. പിന്നീടാണ് കണ്ണ് മറിയുന്നതായും മയക്കം വരുന്നതായും പറഞ്ഞത്. ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞതിനാല്‍ കോട്ടയത്തെ സ്വകാര്യആശുപത്രിയിലേക്ക് വരികയായിരുന്നു-സുധീഷ്‌കുമാര്‍ പറഞ്ഞു.

ഇവിടെ അടിയന്തര ചികിത്സ നല്‍കിയ ശേഷമാണ് മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശപ്രകാരം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രിട്ടിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതായി മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

ആശുപത്രിയില്‍ എത്തിക്കുമ്പോൾ ഹൃദയത്തിന്റെ പ്രവര്‍ത്തനം 20 ശതമാനം മാത്രമായിരുന്നത് സാധാരണ നിലയിലേക്ക് എത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. വി എല്‍ ജയപ്രകാശ്, മെഡിസിന്‍ വിഭാഗം മേധാവി ഡോ. സംഗമിത്ര, ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവില്‍ പ്രത്യേക പരിശീലനം നേടിയ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ്, ന്യൂറോ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് ചികിത്സക്ക് നേതൃത്വം നല്‍കിയത്.

കുറിച്ചി കൊച്ചുപാട്ടാശേരില്‍ വാണിയപ്പുരയ്ക്കല്‍ ജലധരന്റെ വീടിന് സമീപത്ത് മൂര്‍ഖനെ കണ്ടത്. വാവാ സുരേഷിനെ വിളിച്ച്‌ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലായിരുന്നതില്‍ പിന്നീടാണ് എത്തിയത്. പാമ്പിനെ ചാക്കിലാക്കാന്‍ നാലുതവണ ശ്രമിച്ചെങ്കിലും പാമ്ബ് തിരിച്ചിറങ്ങുകയായിരുന്നു. വീണ്ടും ചാക്കിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് മുട്ടിനുമുകളില്‍ കടിയേറ്റത്. പാമ്ബ് കടിക്കുന്നതും ആളുകള്‍ ഓടുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ ദൃശ്യമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top