മെല്‍ബണ്‍: ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടുന്ന പുരുഷ ടെന്നീസ് താരമെന്ന അപൂര്‍വ നേട്ടം ഇനി സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലിന് സ്വന്തം.ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം നേടിയാണ് റാഫയുടെ ചരിത്ര നേട്ടം. 20 ഗ്രാന്‍ഡ് സ്ലാം കിരീടവുമായി നൊവാക് ജോക്കോവിച്, റോജര്‍ ഫെഡറര്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു റാഫ. ഇരുവരേയും പിന്തള്ളിയാണ് സ്പാനിഷ് ഇതിഹാസത്തിന്റെ റെക്കോര്‍ഡ് നേട്ടം.
ഫൈനലില്‍ റഷ്യയുടെ ഡാനില്‍ മെദ്വദെവിനെ കടുത്ത പോരാട്ടത്തില്‍ വീഴ്ത്തിയാണ് റാഫ കിരീടം ചൂടിയത്. ആദ്യ രണ്ട് സെറ്റുകള്‍ നേടി മെദ്വദെവ് ആധിപത്യം ഉറപ്പിച്ചെങ്കിലും പിന്നീടുള്ള മൂന്ന് സെറ്റുകള്‍ തിരിച്ചുപിടിച്ച് അവിശ്വസനീയ മുന്നേറ്റത്തോടെയാണ് റാഫയുടെ കിരീടധാരണം. സ്കോര്‍: 2-6, 6-7 (5-7), 6-4, 6-4, 7-5.