Kottayam

നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ നിയന്ത്രണം വിട്ട കാറിടിച്ചുകയറി യുവാവും ബന്ധുവായ യുവതിയും മരിച്ചു

കോട്ടയം: പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ നിയന്ത്രണം വിട്ട കാറിടിച്ചുകയറി യുവാവും ബന്ധുവായ യുവതിയും മരിച്ചു. മൂന്നുപേര്‍ക്കു പരുക്ക്‌. ചാമംപതാല്‍ ഇളങ്ങോയി കിഴക്കേമുറിയില്‍ ഷാരോണ്‍ സജി(18), ചാമംപതാല്‍ തടത്തിലാങ്കല്‍ രേഷ്‌മാ ജോര്‍ജ്‌(30), എന്നിവരാണു മരിച്ചത്‌.

ഷാരോണിന്റെ പതിനെട്ടാം പിറന്നാള്‍ ഞായറാഴ്‌ച ബന്ധുവീട്ടില്‍ ആഘോഷിച്ചശേഷം മടങ്ങിയ സംഘം സഞ്ചരിച്ച കാറാണ്‌ അപകടത്തില്‍പ്പെട്ടത്‌. പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ കറിക്കാട്ടൂരിനും മണിമലയ്‌ക്കുമിടയിടയില്‍ ബി.എസ്‌.എന്‍.എല്‍. ഓഫീസിനു സമീപം ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം.

നട്ടെല്ലിനു സാരമായ പരുക്കേറ്റ ചാമംപതാല്‍ മുട്ടത്തില്‍ അമല മേരി ടോമി (25) നെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമല്ലാത്ത പരുക്കേറ്റ, വാഹനം ഓടിച്ച ജോബിന്‍ ജെയിംസ്‌ (29), മുന്‍സീറ്റിലിരുന്ന കടയനിക്കാട്‌ മുട്ടത്തുപാറയില്‍ മെല്‍വില്‍ തോമസ്‌ (30) എന്നിവര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഞായറാഴ്‌ച കറിക്കാട്ടൂരിലുള്ള ബന്ധു ജോബിന്റെ വാടകവീട്ടിലായിരുന്നു ജന്മദിനാഘോഷം. തുടര്‍ന്ന്‌ ഇന്നലെ ഹര്‍ത്താല്‍ തുടങ്ങുംമുമ്പേ ബന്ധുക്കളേയും സുഹൃത്തുക്കളേയും തിരികെ വീട്ടിലെത്തിക്കാനായി ജോബിന്റെ കാറില്‍ പോകവേയാണ്‌ അപകടം.

യാത്ര തുടങ്ങി രണ്ടു കിലോമീറ്റര്‍ പിന്നിടും മുമ്പായിരുന്നു അപകടം. എതിര്‍വശത്ത്‌ പാര്‍ക്ക്‌ ചെയ്‌ത ടിപ്പറില്‍ നിയന്ത്രണം വിട്ടിടിച്ചു വെട്ടിത്തിരിഞ്ഞ കാറിന്റെ പിന്‍സീറ്റിലിരുന്നവരാണു മരിച്ചത്‌. കാറിന്റെ മുന്‍ഭാഗവും വശവും പൂര്‍ണമായി തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തെന്നി നീങ്ങി പാതവരമ്പിലെ ക്രാഷ്‌ ബാരിയറില്‍ ഇടിച്ചു നിന്നു. അപകടം നടന്നയുടനെ സമീപവാസികള്‍ മണിമല പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നു പോലീസ്‌ ജീപ്പിലും ആംബുലന്‍സിലുമായി അഞ്ചുപേരേയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഷാരോണും രേഷ്‌മയും മരിച്ചിരുന്നു.

എം.ബി.എ. കഴിഞ്ഞു പുനെയില്‍ ജോലി ചെയ്‌തു വരികയായിരുന്നു രേഷ്‌മ. ഷാരോണ്‍ കോട്ടയത്തെ സ്വകാര്യ സ്‌ഥാപനത്തില്‍ സി.എ വിദ്യാര്‍ഥിയാണ്‌ .ഷാരോണിന്റെ സംസ്‌കാരം ഇന്നു രാവിലെ 11 നു ചാമംപതാല്‍ ഫാത്തിമ മാതാ പള്ളിയില്‍. രേഷ്‌മയുടെ സംസ്‌കാരം പിന്നീട്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top