Breaking News

ബ്രാഞ്ച് സെക്രട്ടറിമാരായി 21കാരിയും 94കാരനും, തീപ്പൊരിയാകാൻ ജസീമ, ആവേശമായി നാരായണപിള്ള

ചാത്തന്നൂർ/ മാന്നാർ: അപ്രതീക്ഷിതമായ നീക്കങ്ങൾ നടത്തി പലപ്പോഴും സിപിഎം അത്ഭുതപ്പെടുത്താറുണ്ട്. ഈ സമ്മേളന കാലത്തും അങ്ങനെ ശ്രദ്ധേയമായ ചിലത് സിപിഎം നടത്തി.  സി.പി.എമ്മിന്റെ 23ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ സംസ്ഥാനത്തുടനീളം പുരോഗമിക്കുകയാണ്. പുതുതായി തിരഞ്ഞുടക്കപ്പെട്ട ബ്രാഞ്ച് സെക്രട്ടറിമാരിൽ കൊല്ലത്തെ ചാത്തന്നൂർ വയലിക്കട ബ്രാഞ്ച് സെക്രട്ടറിയും ആലപ്പുഴ മാന്നാർ എണ്ണയ്ക്കാട് തെക്ക് ബ്രാഞ്ച് സെക്രട്ടറിയും ശ്രദ്ധ നേടുകയാണ്.ആദ്യത്തേത് ഒരു 21 കാരി പെൺകുട്ടിയാണെങ്കിൽ രണ്ടാമത്തേത് 94 കാരനായ മുതിർന്ന സഖാവും.

ബാലസംഘത്തിലൂടെ സംഘടനാപ്രവർത്തന രംഗത്തേക്കു വന്ന ജസീമയാണ് നിലവിൽ സി.പി.എമ്മിന്റെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്രാഞ്ച് സെക്രട്ടറി.

ചാത്തന്നൂർ ഏരിയ കമ്മിറ്റിയിലെ ചാത്തന്നൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്കു കീഴിലെ വയലിക്കട ബ്രാഞ്ച് സെക്രട്ടറിയായാണ് സമ്മേളനം ജസീമ ദസ്തക്കീറിനെ തിരഞ്ഞെടുത്തത്.സി.പി.എം. പാർലമെന്ററിരംഗത്ത് സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ മേയർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്നീ പരീക്ഷണങ്ങൾക്കുശേഷം സംഘടനാരംഗത്തേക്ക് പ്രായംകുറഞ്ഞ വനിതാ ബ്രാഞ്ച് സെക്രട്ടറിയെയും തിരഞ്ഞെടുത്തിരിക്കുകയാണ്. എസ്.എഫ്.ഐ. പ്രവർത്തകയായിരുന്നു. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി, ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

നിരവധി സമരങ്ങളിൽ പങ്കെടുത്തു. ഇപ്പോൾ എസ്.എഫ്.ഐ. ചാത്തന്നൂർ ഏരിയ ജോയിന്റ് സെക്രട്ടറിയും മാതൃകം ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മേഖലാ ജോയിന്റ് സെക്രട്ടറിയുമായി പ്രവർത്തിക്കുന്നു. അച്ഛൻ ദസ്തക്കീർ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗമാണ്.

സി.പി.എമ്മിന്റെ എണ്ണയ്ക്കാട് തെക്ക് എ ബ്രാഞ്ചിനെ നയിക്കാൻ പോകുന്ന എണ്ണയ്ക്കാട് നന്ദാേശ്ശരിൽ നാരായണപിള്ളക്ക് വയസ്സ് 94 ആണ്. ഇത്തവണത്തെ ബ്രാഞ്ച് സമ്മേളനത്തിലും ബ്രാഞ്ച് സെക്രട്ടറിക്ക് മാറ്റമുണ്ടായില്ല. സി.പി.എമ്മിലെ ഏറ്റവും മുതിർന്ന ബ്രാഞ്ച് സെക്രട്ടറി എന്ന പദവിയിലാണിപ്പോൾ അദ്ദേഹം.

നാട്ടിൽ നന്ദാശ്ശേരി എന്ന പേരിലാണു നാരായണപിള്ള അറിയപ്പെടുന്നത്. തവണവ്യവസ്ഥയിൽ ഇളവുനൽകിയാണ് പാർട്ടി ഇത്തവണയും ചുമതല അദ്ദേഹത്തെ ഏൽപ്പിച്ചത്. ഏറ്റവും കൂടുതൽ കാലം ബ്രാഞ്ച് സെക്രട്ടറി എന്ന പദവിവഹിച്ച ബഹുമതിയും ഇദ്ദേഹത്തിനുണ്ട്.

1983 മുതൽ 2005 വരെയും 2010 മുതൽ തുടർന്നിങ്ങോട്ടും ബ്രാഞ്ച് സെക്രട്ടറിയാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കാലത്ത് മധ്യതിരുവിതാംകൂറിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിച്ച നാരായണപിള്ള കർഷകത്തൊഴിലാളികൾക്കുവേണ്ടി പ്രവർത്തിച്ചുകൊണ്ടാണു രാഷ്ട്രീയത്തിലേക്കു വരുന്നത്. പ്രഥമ നിയമസഭാ സ്പീക്കറായിരുന്ന ശങ്കരനാരായണൻ തമ്പി, സഹോദരൻ രാജശേഖരൻ തമ്പി എന്നിവർക്കൊപ്പവും പ്രവർത്തിച്ചു.32 വർഷം ബുധനൂർ പഞ്ചായത്ത് ഓഫീസിൽ ക്ലാർക്കായിരുന്നു. ജോലിയിൽനിന്നു വിരമിച്ചതിനു പിന്നാലെയാണ് ബ്രാഞ്ച് സെക്രട്ടറിയായത്. 1986 മുതൽ 96 വരെ ലോക്കൽ കമ്മിറ്റിയംഗമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top