Entertainment

ഞങ്ങളിപ്പോൾ വാട്സ്‌ആപ്പ് ഫ്രണ്ട്സ് ആണ്, മധുവിന് ആശംസ കുറിപ്പുമായി ബാലചന്ദ്രമേനോൻ

എൺപത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിൻ്റെ മഹാനടന്‍ മധുവിന് ആശംസകളുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍.മധു സാറിനെ ആദ്യമായി കണ്ടതു മുതലുള്ള ഓര്‍മകളാണ് അദ്ദേഹം പങ്കുവെക്കുന്നത്. ഒന്നിച്ച്‌ വര്‍ക്ക് ചെയ്ത സിനിമകളെക്കുറിച്ചും അദ്ദേഹം കുറിക്കുന്നുണ്ട്. മലയാള സിനിമയില്‍ എന്റെ തുടക്കം മുതല്‍ ഇന്നതു വരെ ഇത്രയും ദീര്‍ഘമായ ഒരു ബന്ധം ആരുമായുമില്ലെന്നാണ് ബാലചന്ദ്രമേനോന്‍ പറയുന്നത്. തങ്ങളിപ്പോള്‍ വാട്സ്‌ആപ്പ് ഫ്രണ്ട്സ് ആണെന്നും എല്ലാ മെസേജുകള്‍ക്ക് കൃത്യമായി അദ്ദേഹം പ്രതികരിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബാലചന്ദ്ര മേനോന്റെ കുറിപ്പ്:

മധു സാറിനെ ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുന്നത് ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. നളന്ദാ ചില്‍ഡ്രന്‍സ് റേഡിയോ ക്ലബ്ബിന്റെ പേരില്‍ തലസ്ഥാനം കാണാന്‍ വന്നതാണ് ഞങ്ങള്‍ . റേഡിയോ നിലയം കാണാനെത്തിയപ്പോള്‍ അതാ വരുന്നു സുസ്മേരവദനനായി മധു സാര്‍ ! ഇടതൂര്‍ന്നുള്ള കറുത്ത മുടിയും ഷേവിങ്ങ് കഴിഞ്ഞുള്ള കവിളിലെ പച്ച നിറവും ഇപ്പഴും ഓര്‍മ്മയില്‍ !

പിന്നെ കാണുന്നത് പത്രക്കാരനായി മദ്രാസില്‍ വെച്ച്‌ …1975 ല്‍ , ജെമിനി സ്റ്റുഡിയോയില്‍.. .

ഒരു അഭിമുഖത്തിനായി ……

അടുത്ത സംഗമം നടന്നത് അദ്ദേഹത്തിന്റെ കണ്ണന്‍മൂലയിലെ വീട്ടില്‍ വെച്ച്‌ …. കന്നിസംവിധായകനായി …അങ്ങിനെ അദ്ദേഹം ‘ഉത്രാടരാത്രി’യിലെ ഒരു അഭിനേതാവായി ….

തന്റെ നിര്‍മ്മാണ കമ്പനിയായ ഉമാ സ്റ്റുഡിയോയുടെ ചിത്രം സംവിധാനം ചെയ്യാന്‍ അദ്ദേഹം എന്നെ ക്ഷണിച്ചതാണ് അടുത്ത ഓര്‍മ്മ . അങ്ങിനെ മധു-ശ്രീവിദ്യ ചിത്രമായ ‘വൈകി വന്ന വസന്തം ‘ പിറന്നു….

അടുത്തത് എന്റെ ഊഴമായിരുന്നു . എന്റെ നിര്‍മ്മാണ കമ്പനിയായ V&V യുടെ ‘ഒരു പൈങ്കിളി കഥയില്‍ ‘ എന്റെ അച്ഛനായി അഭിനയിക്കാന്‍ ഞാന്‍ അദ്ദേഹത്തെ ക്ഷണിച്ചു …

തീര്‍ന്നില്ല . എനിക്ക് ദേശീയ പുരസ്ക്കാരം നേടിത്തന്ന ‘സമാന്തരങ്ങള്‍’ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലാണെങ്കിലും , ഒരു മന്ത്രിയായി അദ്ദേഹം സഹകരിച്ചു …ഇതേ പോലെ ‘ഞാന്‍ സംവിധാനം ചെയ്യും ‘എന്ന ചിത്രത്തിലും അദ്ദേഹം മുഖ്യമന്ത്രിയായി …

എന്റെ സിനിമയിലെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച ‘ BALACHANDRA MENON IS 25! ‘ എന്ന ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു ….

‘അമ്മ ‘ എന്ന താര സംഘടനയുടെ പ്രസിഡന്റ് ആയി മധുസാര്‍ നയിച്ചപ്പോള്‍ സെക്രട്ടറി എന്ന നിലയില്‍ എന്നാലാവുന്ന സേവനം നിവ്വഹിക്കുവാന്‍ എനിക്കു കഴിഞ്ഞു …

വര്‍ഷങ്ങള്‍ക്കു ശേഷം ‘ഇത്തിരി നേരം ഒത്തിരി കാര്യം ‘എന്ന എന്റെ പുസ്തകം തിരുവന്തപുരത്തു സെനറ്റ് ഹാളില്‍ ശ്രീ . ശ്രീകുമാരന്‍ തമ്ബിക്കും പിന്നീട് ദുബായില്‍ വെച്ച്‌ ശ്രീ യേശുദാസിനും കൊടുത്തു പ്രകാശനം നിര്‍വ്വഹിച്ചു ..

അദ്ദേഹത്തിന്റെ 80 മത് പിറന്നാള്‍ ആഘോഷത്തിലും പങ്കെടുക്കാന്‍ എനിക്കു കഴിഞ്ഞു.

എന്റെ ‘റോസസ് ദി ഫാമിലി ക്ളബ്ബിന്റെ’ പല ചടങ്ങുകളിലും അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു .

എന്റെ അച്ഛന്റെ മരണത്തിലും മക്കളുടെ വിവാഹച്ചടങ്ങുകളിലും അദ്ദേഹം കൃത്യമായി പങ്കെടുത്തു…..

എന്റെ ഗാനാലാപനത്തെ പരാമര്‍ശിച്ചു മധുസാര്‍ പറഞ്ഞ ഒരു കാര്യം ഞാന്‍ എപ്പോഴും ഓര്‍ക്കും ;

” മേനോന്‍ ഒരിക്കലും പാടുന്നതായി എനിക്ക് തോന്നിയിട്ടില്ല …മേനോന്‍ പാട്ടു പറയുകയാണ് പതിവ് ….”

ഏറ്റവും ഒടുവില്‍ ‘ലോകത്തില്‍ ഒന്നാമന്‍ ‘ എന്ന ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സ് വിളംബരത്തിന്റെ ആഘോഷം തിരുവന്തപുരത്തു നടന്നപ്പോള്‍ അതിലും ഒരു മുഖ്യാതിഥി ആയിരുന്നു മധുസാര്‍ …

ഇപ്പോഴാകട്ടെ ഞങ്ങള്‍ WHATSAPP FRIENDS ആണ് …എന്റെ എല്ലാ മെസ്സേജുകള്‍ക്കും കൃത്യമായി പ്രതികരിക്കുന്ന ഒരാള്‍ !

അല്ലാ , ഇതൊക്കെ എന്തിനാ ഇപ്പോള്‍?…… എന്നല്ലേ മനസ്സില്‍ തോന്നിയത് ? പറയാം ….

ഇന്ന് മധുസാറിന്റെ 88 മത് ജന്മദിനമാണ് …അപ്പോള്‍ അറിയാതെ എന്റെ മനസ്സ് ഈ വഴിക്കൊക്കെ സഞ്ചരിച്ചു എന്ന് മാത്രം ,,,,മലയാള സിനിമയില്‍ എന്റെ തുടക്കം മുതല്‍ ഇന്നതു വരെ ഇത്രയും ദീര്‍ഘമായ ഒരു ബന്ധം ആരുമായുമില്ല എന്ന് പറഞ്ഞാല്‍ അത് സത്യമാണ് …..

ഇനിയുമുണ്ട് ഒരു പിടി മധുവിശേഷങ്ങള്‍ ! അതൊക്കെ ‘filmy FRIDAYS ….Season 3 ല്‍ വിശദമായും സരസമായും പ്രതിപാദിക്കാം ….

അപ്പോള്‍ ഇനി , നിങ്ങളുടെയൊക്കെ ആശീര്‍വാദത്തോടെ ഞാന്‍ മധുസാറിന് എന്റെ വക പിറന്നാള്‍ ആശംസകള്‍ നേരുന്നു ….HAPPY BIRTHDAY Dear Madhu Sir !

that’s ALL your honour!

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top