Breaking News

പ്രമുഖ മാധ്യമ പ്രവർത്തകൻ കെ എം റോയ് അന്തരിച്ചു

കൊച്ചി: മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.റോയ് (82)അന്തരിച്ചു. ഇന്ന് വൈകിട്ട് മൂന്നര മണിയോടെയായിരുന്നു അന്ത്യം.

മഹാരാജാസ് കോളജിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരനിൽ തുടങ്ങി പത്രപ്രവർത്തകനായി പേരെടുത്ത് പിന്നീട് പ്രഭാഷകനായും കോളമിസ്റ്റായും നോവലിസ്റ്റായും അധ്യാപകനായും പത്രപ്രവർത്തക യൂണിയൻ നേതാവായുമെല്ലാം മാറിയ മാധ്യമ രംഗത്തെ ബഹുമുഖ പ്രതിഭയായിരുന്നു റോയ്.

വെല്ലുവിളികളെ ചിരിച്ചു കൊണ്ടു നേരിടാൻ ശീലിച്ച, എന്നും പ്രസരിപ്പിന്റെ ആൾരൂപമായിരുന്ന റോയിയെ പക്ഷാഘാതം കീഴടക്കാൻ ശ്രമിച്ചത് 7 വർഷം മുൻപാണ്. ശരീരത്തിന്റെ ഒരു ഭാഗം തളർന്നെങ്കിലും സ്വതസിദ്ധമായ ചങ്കുറപ്പോടെ റോയ് ജീവിതത്തിലേക്കു മടങ്ങിയെത്തി. രോഗതളർച്ചയിൽ കർമമണ്ഡലങ്ങളിൽനിന്ന് അകന്നു വീട്ടിൽ വിശ്രമ ജീവിതം നയിക്കേണ്ടി വന്നെങ്കിലും വാർത്തകളിൽ ആനന്ദം കണ്ടെത്തുന്ന ജീവിതം തന്നെയായിരുന്നു. എന്നും രാവിലെ 2 പത്രം മുടങ്ങാതെ വായിക്കുമായിരുന്നു. പിന്നെ ടിവി ചാനലുകളിലെ വാർത്തകൾക്കൊപ്പമായിരുന്നു പകൽ.

രാഷ്ട്രീയനേതാവും പത്രപ്രവർത്തകനുമായിരുന്ന മത്തായി മാഞ്ഞൂരാൻ ആയിരുന്നു റോയിയൂടെ വഴികാട്ടി. മഹാരാജാസിൽ വിദ്യാർഥിയായിരിക്കെ അദ്ദേഹത്തിന്റെ പാർട്ടിയായ കെഎസ്പിയുടെ വിദ്യാർഥി നേതാവായിരുന്നു റോയ്. എ.കെ.ആന്റണിയും വയലാർ രവിയും ഉൾപ്പടെയുള്ളവർ കെഎസ്‌യു നേതാക്കളായി വാഴുന്ന കാലത്തു തന്നെയാണു റോയ് സോഷ്യലിസ്റ്റ് നേതാവായും തിളങ്ങിയത്.

കേരള രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്ന നിലയിലേക്ക് റോയ് വളർന്നു വരുമെന്നാണ് താൻ ഉൾപ്പടെയുള്ള അധ്യാപകർ കരുതിയതെന്ന് അവിടെ അധ്യാപകനായിരുന്ന പ്രഫ.എം.കെ.സാനു അനുസ്മരിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയമല്ല, പത്രപ്രവർത്തനമാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞ റോയ്, മത്തായി മാഞ്ഞൂരാന്റെ തന്നെ പത്രമായ കേരള പ്രകാശത്തിലൂടെ അരങ്ങേറ്റം കുറിച്ചു. അതിൽ വന്ന ലേഖനങ്ങൾ കൊണ്ടു തന്നെ അതിവേഗം ശ്രദ്ധ നേടുകയും ചെയ്തു. പിന്നീട് ദേശബന്ധു, കേരള ഭൂഷണം, ഇക്കണോമിക് ടൈംസ്, ദ് ഹിന്ദു എന്നീ പത്രങ്ങളിലും വാർത്താഏജൻസിയായ യുഎൻഐയിലും റിപ്പോർട്ടറായി.

മംഗളം പത്രത്തിന്റെ ജനറൽ എഡിറ്ററായിരിക്കെയാണ് പതിറ്റാണ്ടുകൾ നീണ്ട സജീവ പത്രപ്രവർത്തനത്തിൽനിന്നു വിരമിച്ചത്. മികച്ച പ്രസംഗകനായും പേരെടുത്ത അദ്ദേഹം കേരള പ്രസ് അക്കാദമി ഉൾപ്പടെയുള്ള ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടുകളിലൂടെ പത്രപ്രവർത്തകർക്കു വഴികാട്ടിയുമായി. രണ്ടു തവണ കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു. മത്തായി മാ‍ഞ്ഞൂരാന്റെ ജീവചരിത്രവും മൂന്ന് നോവലുകളും 2 യാത്രാ വിവരണവും രചിച്ചു. സംസ്ഥാന സർക്കാരിന്റെ ഉന്നത മാധ്യമ പുരസ്കാരമായ സ്വദേശാഭിമാനി-കേസരി അവാർഡ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top