കൊച്ചി:ഈ വർഷത്തെ ഓണപ്പാട്ടുകളിലൊന്ന് രൂപം കൊണ്ടത് ക്ലബ്ബ് ഹൗസ് കൂട്ടായ്മയിൽ. അകലെയിരുന്നും, സംഗീതപ്രേമികൾ നവ മാധ്യമ കൂട്ടായ്മയിലൂടെ ഒത്തുചേർന്നാണ് ഓണപ്പാട്ട് നിർമ്മിച്ചത്.
കോവിഡ് മഹാമാരിയിൽ അകലം പാലിക്കാൻ ശീലിക്കുമ്പോഴും, ലോക് ഡൗൺ കാലത്തെ നവ മാധ്യമത്തെ പുത്തൻ ചുവട് വെപ്പായ ക്ലബ്ബ് ഹൗസ് വഴി രൂപം കൊണ്ട ഓണപ്പാട്ടാണ് യൂട്യൂബിൽ എത്തിയിരിക്കുന്നത്. ക്ലബ്ബ് ഹൗസിലെ കലാകാരൻമാരുടെ കൂട്ടായ്മയായ നാരങ്ങ മിഠായി ക്ലബ്ബംഗങ്ങളാണ് ഓണപ്പാട്ടിന് പിറകിൽ. പല ജില്ലകളിൽ നിന്നുള്ളവർ പരസ്പരം കണ്ടില്ലെങ്കിലും, തങ്ങളുടെ സർഗ്ഗ വാസനകൾ കൂട്ടായ പ്രയത്നത്തിലൂടെ പ്രേക്ഷകരിലേക്കെത്തിച്ചിരിക്കുകയാണ് നാരങ്ങ മിഠായി ടീമംഗങ്ങൾ. നാരങ്ങ മിഠായി ടീമംഗങ്ങൾ തന്നെയാണ് ആൽബത്തിൽ പാടി അഭിനയിച്ചിരിക്കുന്നത്. പ്രവാസിയായ ശരത് എഡ്വിൻ ആണ് നിർമ്മാണം. ഗാനരചനയും, സംവിധാനവും അഖിൽ ജി ബാബുവാണ്. ഗാനത്തിൻ്റെ നിർമ്മാണ വേളയിലാണ് അംഗങ്ങൾ പരസ്പരം കണ്ട് മുട്ടിയത്.