തൃശൂര്‍: പാലക്കാട്-തൃശൂര്‍ ദേശീയപാതയിലെ കുതിരാന്‍ തുരങ്കം യാത്രയ്ക്കായി തുറന്നു കൊടുത്തു. കുതിരാന്‍ മലയില്‍ നിര്‍മ്മിച്ച ഇരട്ട തുരങ്കങ്ങളില്‍ ഒന്നാണ് ഔദ്യോഗിക ഉദ്ഘാടനം ഒഴിവാക്കി തുറന്നുകൊടുത്തത്. രണ്ടാം തുരങ്കം പൂര്‍ത്തിയായ ശേഷം ഔദ്യോഗിക ഉദ്ഘാടനമുണ്ടാകും. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഇന്നുതന്നെ തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ അനുമതി നല്‍കുകയായിരുന്നു..
കുതിരാനിലെ ഇരട്ടക്കുഴല്‍ തുരങ്കത്തില്‍ തൃശൂര്‍ ഭാഗത്തേക്കുളള ഇടത് തുരങ്കമാണ് തുറന്നത്. അതേസമയം തുരങ്കപാത തുറക്കുന്നതിനെക്കുറിച്ച് സംസ്ഥാനത്തെ അറിയിച്ചിരുന്നില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇത് സംബന്ധിച്ച് വിവാദത്തിനില്ലെന്നും തുരങ്കപാത തുറക്കുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും മന്ത്രി പ്രതികരിച്ചു.
തുരങ്കം ഓഗസ്റ്റ് ഒന്നിനോ അതിനു മുന്‍പോ തുറക്കുമെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി മുന്‍പ് അറിയിച്ചിരുന്നത്. കരാറെടുത്ത കമ്ബനിയും തുരങ്ക നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായി അറിയിച്ചിരുന്നു. തുടര്‍ന്ന് ദേശീയ പാത അധികൃതര്‍ തുരങ്കം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് തുരങ്കം തുറന്നുകൊടുക്കാന്‍ അനുമതി നല്‍കിയത്.