Breaking News

ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ട്വിറ്റര്‍ നാളെ മുതൽ കിട്ടില്ലേ.. ,യാഥാർത്ഥ്യം ഇതാണ്..

ന്യൂഡൽഹി: രാജ്യത്ത് നാളെ മുതൽ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ പ്രവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് മിക്കവരും . കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇതുവരെ നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ ബുധനാഴ്ച മുതല്‍ ലഭിക്കില്ല എന്ന ചില വാർത്തകളും വന്നതും പിന്നിട് ആശങ്കയായി മാറിയത്. 2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം പ്രകാരം 50 ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് ചില മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ‘കൂ’ എന്ന ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഒഴികെ ഒരാളും ഇത് ഇതുവരെ നടപ്പിലാക്കിയില്ലെന്നാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച (മെയ് 25, 2021) ആണ് കേന്ദ്രത്തിന്‍റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ട അവസാന തീയതി. അതിനാല്‍ സമയപരിധി അവസാനിച്ചാല്‍ ഏത് തരത്തിലുള്ള നടപടികളാണ് ഈ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കേന്ദ്രം എടുക്കാനിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് സൈബര്‍ ലോകവും, അവിടുത്തെ യൂസര്‍മാരും. ഇതിനകം തന്നെ ദേശീയ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പരിഭ്രാന്തി സൃഷ്ടിക്കുന്ന അവസ്ഥയാണ് ഉള്ളത്. 

എന്നാല്‍ എന്താണ് സര്‍ക്കാര്‍ എടുക്കാന്‍ പോകുന്ന നടപടി എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. നിയമം അംഗീകരിച്ചില്ലെങ്കിൽ ഈ കമ്പനികൾക് ഐ ടി നിയമപ്രകാരം ലഭിച്ചിരുന്ന സംരക്ഷണങ്ങൾ നഷ്ടമാവുകയും ഇന്ത്യൻ ക്രിമിനൽ നിയമത്തിനു വിധേയരാക്കപ്പെടുകയും ചെയ്യുമെന്നും ചില നിയമ വിദഗ്ധരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്.

2021 ഫെബ്രുവരി 25ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാധ്യമ നിയമങ്ങൾ അംഗീകരിക്കാൻ മൂന്നു മാസത്തെ സമയമാണ് വിവിധ പ്ലാറ്റ്ഫോമുകള്‍ക്ക് നല്‍കിയിരുന്നത്. സമയപരിധി അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ ഇവരാരും നിയമം അംഗീകരിച്ചിട്ടില്ല. മാധ്യമങ്ങൾക്ക്‌ എത്തിക്സ് കോഡ് നിർദ്ദേശിക്കുന്നതും ഉപഭോക്താക്കളുടെ പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തണം, പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനം വേണം അടക്കമുള്ളതാണ് നിര്‍ദേശങ്ങള്‍.

അതേ സമയം ഈ പ്രശ്നത്തില്‍ ചില മാധ്യമങ്ങള്‍ ഫേസ്ബുക്ക് പ്രതികരണം പുറത്തുവിട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ ഐടി നയത്തിലെ മാര്‍ഗനിര്‍ദേശങ്ങളില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. ഉപഭോക്താക്കളുടെ അഭിപ്രായ സ്വതന്ത്ര്യം ഉറപ്പുവരുത്തുമെന്നും ഫേസ്ബുക്ക് പ്രതികരിച്ചു. ട്വിറ്റര്‍ പോലുള്ള ചില പ്ലാറ്റ്ഫോമുകള്‍ പ്രതികരിക്കാന്‍‍ തയ്യാറായില്ല എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നത്. അതേ സമയം വിദേശത്തുള്ള ഹെഡ് ഓഫീസുകളില്‍ നിന്നുള്ള അറിയിപ്പുകള്‍ക്കായി കാത്തിരിക്കുകയാണ് ചില പ്ലാറ്റേഫോമുകള്‍ എന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എന്തായാലും സര്‍ക്കാര്‍ നയം കടുപ്പിച്ചാല്‍ വലിയൊരു നിയമയുദ്ധത്തിലേക്ക് ഈ വിഷയം നീങ്ങാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്. സമീപകാല സംഭവങ്ങളില്‍ തന്നെ പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനികളും കേന്ദ്ര സര്‍ക്കാറുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിട്ടുണ്ട്. ഇത് കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന തരത്തിലായിരിക്കും പുതിയ മാര്‍ഗ്ഗനിര്‍ദേശത്തിന്‍റെ നടപ്പില്‍ വരുത്തല്‍‍ വഴിവയ്ക്കൂ.

പക്ഷെ നേരത്തെ തന്നെ ടിക് ടോക്, പബ്ജി നിരോധനത്തില്‍ അടക്കം യാതൊരു ഇളവും നല്‍കാത്ത നയം സ്വീകരിച്ച കേന്ദ്രം എങ്ങനെ പുതിയ അവസ്ഥയെ കണക്കിലെടുക്കും എന്നതും വലിയ ചോദ്യമാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇന്ത്യന്‍ നയം അംഗീകരിക്കണമെന്ന വാദം പലതവണ കേന്ദ്രസര്‍ക്കാര്‍ സോഷ്യല്‍ മീഡിയ കമ്പനികളുടെ കേസുകളിലും മറ്റും കോടതിയില്‍ പോലും ഉയര്‍ത്തിയിട്ടുണ്ട് എന്ന കാര്യവും ഇവിടെ പ്രസക്തമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top