Breaking News

സുന്ദർലാൽ ബഹുഗുണ അന്തരിച്ചു

ന്യൂഡൽഹി:ഇന്ത്യയിലെ ശ്രദ്ധേയനായ പരിസ്‌ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്‌ഥാനത്തിന്റെ നേതാവുമായ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. 94 വയസായിരുന്നു. കോവിഡ് ബാധിച്ച് ഋഷികേശ് എയിംസിൽ ചികിൽസയിൽ കഴിയുന്നതിനിടെ ആയിരുന്നു അന്ത്യം.

ഇന്ത്യയിലെ ആദ്യകാല പരിസ്‌ഥിതി പ്രവർത്തകരിൽ ഒരാളായ ബഹുഗുണ പിന്നീട് ചിപ്‌കോ പ്രസ്‌ഥാനത്തിൽ ചേർന്ന് രാജ്യത്തുടനീളം വനനശീകരണം,വലിയ അണക്കെട്ടുകൾ, ഖനനം തുടങ്ങിയ നിരവധി പരിസ്‌ഥിതി പ്രശ്‌നങ്ങൾക്കെതിരെ പോരാടി. 2009 ജനുവരി 26ന്‌ ഭാരതത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബഹുമതിയായ പത്‌മ വിഭൂഷൺ പുരസ്‌കാരം നൽകി ഭാരത സർക്കാർ അദ്ദേഹത്തെ ആദരിച്ചു.

ഉത്തരാഖണ്ഡിലെ തെഹ്‌രി എന്ന സ്‌ഥലത്തിനടുത്ത് മറോദ എന്ന ഗ്രാമത്തിലാണ് ബഹുഗുണയുടെ ജനനം. ആദ്യകാലങ്ങളിൽ തൊട്ടുകൂടായ്‌മക്കെതിരെ അദ്ദേഹം പോരാടി. പിന്നീട് 1965 മുതൽ 1970 വരെയുള്ള കാലയളവിൽ മലഞ്ചെരുവിലെ സ്‌ത്രീജനങ്ങളെ സംഘടിപ്പിച്ച് മദ്യവിരുദ്ധ പോരാട്ടവും നടത്തുകയുണ്ടായി. തെഹ്‌രി അണക്കെട്ട് വിരുദ്ധ സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു.

 

ഹിമാലയത്തിലെ വനങ്ങളുടെ സംരക്ഷണത്തിനായി വർഷങ്ങളോളം അദ്ദേഹം പോരാടി. 1981 മുതൽ 1983 വരെ അദ്ദേഹം നടത്തിയ ഹിമാലയത്തിലെ ഗ്രാമങ്ങളിലൂടെയുള്ള യാത്ര ചിപ്‌കോ പ്രസ്‌ഥാനത്തെ ജനമധ്യത്തിലേക്ക് കൊണ്ടുവരാൻ സഹായിച്ചു. ഈ യാത്ര അവസാനിപ്പിച്ചത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തികൊണ്ടാണ്‌. 15 വർഷത്തിന്‌ ഹരിതവൃക്ഷങ്ങൾ മുറിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഇന്ദിരയുടെ ഉത്തരവ് ഈ കൂടിക്കാഴ്‌ചയുടെ ഫലമായി ഉണ്ടായതാണ്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top