Cricket

കെഎൽ രാഹുലിനു സെഞ്ചുറി; പന്തിനും കോലിക്കും ഫിഫ്റ്റി,മികച്ച സ്കോറുമായി ഇന്ത്യ

പൂനെ:ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 336 റൺസാണ് ഇന്ത്യ നേടിയത്. 108 റൺസ് നേടിയ കെ എൽ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഋഷഭ് പന്ത് (77), വിരാട് കോലി (66) എന്നിവരും ഇന്ത്യക്കായി തിളങ്ങി.

സ്കോർബോർഡിൽ 9 റൺസ് ആയപ്പോഴേക്കും ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മാർക്ക് വുഡിനു പകരമെത്തിയ റീസ് ടോപ്‌ലെയുടെ ഗംഭീര ഓപ്പണിംഗ് സ്പെല്ലിൽ ആദ്യം മടങ്ങിയത് ധവാൻ. 4 റൺസ് മാത്രം നേടിയ ഇന്ത്യൻ ഓപ്പണർ സ്റ്റോക്സിനു പിടിനൽകി മടങ്ങുകയായിരുന്നു. നന്നായി തുടങ്ങിയെങ്കിലും രോഹിത് ശർമ്മ (25) പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. സാം കറനിൻ്റെ പന്തിൽ ആദിൽ റഷീദ് രോഹിതിനെ പിടികൂടുകയായിരുന്നു. ദൗർഭാഗ്യകരമായ ആ വിക്കറ്റ് കോലി-രാഹുൽ സഖ്യത്തെ ക്രീസിലെത്തിച്ചു.

121 റൺസിൻ്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. ഇതിനിടെ കോലി ഫിഫ്റ്റിയടിച്ചു. മെല്ലെ തുടങ്ങിയെങ്കിലും സാവധാനം രാഹുൽ ഗിയർ മാറ്റി. സ്കോർബോർഡിലേക്ക് റൺസൊഴുകി. മത്സരഗതിക്ക് വിപരീതമായി 32ആം ഓവറിൽ ഇന്ത്യക്ക് കോലിയെ (66) നഷ്ടമായി. ഇന്ത്യൻ നായകനെ ആദിൽ റഷീദ് ജോസ് ബട്‌ലറുടെ കൈകളിൽ എത്തിക്കുകയായിരുന്നു. അഞ്ചാം നമ്പറിൽ ഋഷഭ് പന്ത് എത്തിയതോടെ അനായാസം റൺസ് വരാൻ തുടങ്ങി. 113 റൺസിൻ്റെ മികച്ച കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ ഉയർത്തിയത്. ഇതിനിടെ പന്ത് തൻ്റെ രണ്ടാം ഏകദിന ഫിഫ്റ്റിയും രാഹുൽ തൻ്റെ അഞ്ചാം ഏകദിന സെഞ്ചുറിയും തികച്ചു.

45ആം ഓവറിൽ രാഹുൽ മടങ്ങി. 108 റൺസെടുത്ത താരത്തെ ടോം കറൻ്റെ പന്തിൽ റീസ് ടോപ്‌ലെ പിടികൂടുകയായിരുന്നു. ഏറെ താമസിയാതെ പന്തും മടങ്ങി. 40 പന്തിൽ 77 റൺസെടുത്ത പന്ത് ടോം കറൻ്റെ പന്തിൽ റീസ് ടോപ്‌ലെയുടെ കൈകളിൽ അവസാനിച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച ഹർദ്ദിക് പാണ്ഡ്യ (16 പന്തിൽ 35) അവസാന ഓവറിൽ ടോപ്‌ലെയുടെ മുന്നിൽ കീഴടങ്ങി. ജേസൻ റോയ് ആണ് ഹർദ്ദിക്കിനെ പിടികൂടിയത്. കൃണാൽ പാണ്ഡ്യ (12) പുറത്താവാതെ നിന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top