റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിലെ ആദ്യ സെമിഫൈനലില്‍ ഇന്ത്യന്‍ ലെജന്‍ഡ്സിനു ജയം.12 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 218 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ജയത്തോടെ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു.
65 റണ്‍സ് നേടിയ സച്ചിന് ടോപ്പ് സ്കോറര്‍ ആയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ നിര്‍ത്തിയ ഇടത്തുനിന്ന് തുടങ്ങിയ യുവരാജ് 20 പന്തുകളില്‍ പുറത്താവാതെ 49 റണ്‍സടിച്ച് ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തിച്ചു. അവസാന ഘട്ടത്തില്‍ യുവിക്കൊപ്പം 20 പന്തുകളില്‍ 37 റണ്‍സെടുത്ത യൂസുഫ് പത്താനും തിളങ്ങി.
ആദ്യ പന്ത് തന്നെ ബൗണ്ടറിയടിച്ചാണ് സെവാഗ് ഇന്നിംഗ്സ് ആരംഭിച്ചത്. 56 റണ്‍സിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം ടിനോ ബെസ്റ്റിനു വിക്കറ്റ് സമ്മാനിച്ച് സെവാഗ് (17 പന്തില്‍ 35) മടങ്ങി. രണ്ടാം വിക്കറ്റില്‍ കൈഫ്-സച്ചിന് സഖ്യം 53 റണ്‍സ് പടുത്തുയര്‍ത്തി. ഇതിനിടെ സച്ചിന് ഫിഫ്റ്റിയടിച്ചു. 42 പന്തില്‍ 65 റണ്‍സെടുത്ത സച്ചിനെ ബെസ്റ്റ് പുറത്താക്കി. 14.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 140 എന്ന നിലയില്‍ നിന്നാണ് യുവിയും യൂസുഫും തുടങ്ങിയത്. 78 റണ്‍സാണ് അവസാന 6 ഓവറില്‍ ഇരുവരും സ്കോര്‍ ചെയ്തത്.