ബംഗളൂരു: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബോയ് ആക്രമിച്ചെന്ന പരാതിയുമായി രംഗത്ത് വന്ന യുവതിക്കെതിരെ യുവാവിന്റെ മൊഴി പുറത്ത്. മോതിര കൈ കൊണ്ട് യുവതി സ്വയം മൂക്കിലിടിച്ചുവെന്നാണ് പിടിയിലായ കാമരാജ് നല്കുന്ന മൊഴി. ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയതാണ് ഭക്ഷണം വൈകാന്‍ കാരണമെന്നും മാപ്പ് പറഞ്ഞെങ്കിലും യുവതി ക്ഷുഭിതയായി തനിക്ക് നേരെ തിരിഞ്ഞെന്നും യുവതി ചെരുപ്പൂരി തന്നെ തല്ലാന്‍ ശ്രമിച്ചപ്പോള്‍ സ്വയം രക്ഷക്കായി തടഞ്ഞതാണെന്നും യുവാവ് പറയുന്നു.
മേക്കപ് ആര്‍ട്ടിസ്റ്റും മോഡലുമായ ഹിതേഷ ചന്ദ്രാനിയാണ് മര്ദിച്ചെന്നാരോപിച്ചുളള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വീഡിയോയില്‍ യുവതിയുടെ മൂക്കില്‍ പരിക്ക് പറ്റിയിരുന്നു. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് യുവാവ് തന്നെ ആക്രമിച്ചതെന്നായിരുന്നു മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹിതേഷ ചന്ദ്രാന പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സൊമാറ്റൊ യുവാവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.