ആലപ്പുഴ:രമേശ് ചെന്നിത്തലയുടെ പഞ്ചായത്ത് തൃപ്പെരുന്തുറയിൽ കോൺഗ്രസ് പിന്തുണയോടെ ഭരണം എൽഡിഎഫിന്. നേരത്തെ രണ്ട് തവണ ജയിച്ച് രാജിവച്ച വിജയമ്മ ഫിലെന്ദ്രനെ വീണ്ടും പ്രസിഡണ്ടായി തിരഞ്ഞെടുത്തു.
ഒരു മുന്നണിക്കും ഈ പഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷം ഇല്ല. കോൺഗ്രസിനും ബിജെപിക്കും ഒപ്പത്തിനൊപ്പം ആണ് സീറ്റ് നില. എൽഡിഎഫിന് ആകട്ടെ ഒരു സീറ്റ് കുറവും.
സംവരണ പഞ്ചായത്താണ് തൃപ്പെരുന്തുറ. എന്നാൽ സംവരണ സീറ്റിൽ കോൺഗ്രസ് അംഗം വിജയിച്ചില്ല. തുടർന്നാണ് സിപിഐഎമ്മിന്റെ വിജയമ്മ ഫിലെന്ദ്രന് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിക്കുന്നത്. എന്നാൽ സിപിഐ എം ജില്ലാകമ്മിറ്റി വിജയമ്മയോട് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടു. അവർ സ്ഥാനം ഒഴിയുകയും ചെയ്തു. വീണ്ടും മത്സരിച്ച് കോൺഗ്രസ് പിന്തുണയോടെ വിജയിച്ചു,രാജിവെച്ചു.
ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാർഥി ആയി ബിന്ദു പ്രദീപും എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥി ആയി വിജയമ്മ ഫിലേന്ദ്രനുമാണ് മത്സരിച്ചത്. വിജയമ്മ ഫിലേന്ദ്രന് 11 വോട്ടും ബിന്ദു പ്രദീപിന് 6വോട്ടുകളും ലഭിച്ചു. കോൺഗ്രസ് വിമത അംഗം ദീപുവിന്റെ വോട്ട് അസാധു ആയി.