National

പ്രതിസന്ധികള്‍ക്കിടെ കേന്ദ്ര ബജറ്റ് ഇന്ന്

ന്യൂഡൽഹി:2020 – 21 വര്‍ഷത്തെ പൊതു-ബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ആദ്യത്തെ പേപ്പര്‍ രഹിത ബജറ്റില്‍ കൊവിഡിനെ തുടര്‍ന്നുണ്ടായ വളര്‍ച്ചാ ഇടിവ് പരിഹരിക്കുക എന്നതാകും അടിസ്ഥാന ലക്ഷ്യം. കാര്‍ഷിക-ആരോഗ്യ-തൊഴില്‍-വ്യവസായ മേഖലകളില്‍ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ബജറ്റ് മുന്നോട്ട് വച്ചേക്കും.

തുടര്‍ച്ചയായ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന നിര്‍മലാ സീതാരാമന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ കുത്തനെ ഇടിഞ്ഞ സമ്പദ്ഘടനയെ പുതിയ ഉയരങ്ങളില്‍ എത്തിക്കുക എന്നതാണ് അതില്‍ പ്രധാനം. പതിനൊന്ന് മണിക്ക് ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രഖ്യാപനങ്ങള്‍ ഇടം പിടിക്കും. കൊറോണാ കാലത്ത് പിടിച്ചു നിന്നു എന്നത് കൊണ്ടല്ല ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തെ നേരിടാന്‍ കൂടി ഈ പ്രഖ്യാപനങ്ങള്‍ ഉപയോഗിക്കാനാകും കേന്ദ്രസര്‍ക്കാര്‍ ശ്രമം.

വ്യവസായ വാണിജ്യ മേഖലകള്‍ക്ക് തിരിച്ച് വരാനുള്ള വഴി കാട്ടാനും ഈ ബജറ്റില്‍ ശ്രമം ഉണ്ടാകും. കൊവിഡ് പശ്ചാത്തലത്തില്‍ ‘മുമ്പൊരിക്കലുമുണ്ടാകാത്ത ‘ ബജറ്റായിരിക്കും താന്‍ അവതരിപ്പിക്കുക എന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നയങ്ങളെ കൂടുതല്‍ ഉദാരമാക്കാന്‍ മന്ത്രി ശ്രമിക്കും. തൊഴിലില്ലായ്മ രൂക്ഷമാകുന്നത് തടയാനായില്ലെങ്കില്‍ മറ്റെന്ത് നേട്ടം ഉണ്ടായാലും പ്രായോഗിക തലത്തില്‍ വികസനം യാഥാര്‍ത്ഥ്യമാകില്ല. മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ മൂന്നു ശതമാനത്തില്‍ നിര്‍ത്തേണ്ട ധനകമ്മി, കൊവിഡ് കാല ചെലവുകളും, പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജും കൂടി ഏഴ് ശതമാനം കടത്തിയിരിക്കുന്നു. ആശങ്കാജനകമായ ഈ ധനകമ്മി, വിപണിയില്‍ നിന്ന് കടമെടുക്കുന്നതു പ്രയാസകരമാക്കും. ഇത് കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ മുന്‍പില്‍ വില്‍പ്പനയ്ക്ക് എന്ന ബോര്‍ഡ് വയ്ക്കാനുള്ള പ്രഖ്യാപനത്തിനാകും കാരണമാകുക.

പതിനൊന്ന് മണിക്ക് ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് പൂര്‍ണമായും കടലാസ് രഹിതമായ, ചരിത്രത്തിലെ ആദ്യ കേന്ദ്ര ബജറ്റ് ആയിരിക്കും. ബജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങള്‍ പ്രത്യേകം വികസിപ്പിച്ച ആപ്പില്‍ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നും ആപ് ഡൗണ്‍ലോഡ് ചെയ്യാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top