മുംബൈ: സിനിമാരംഗത്തെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടെ ടി.വി-സീരിയൽ താരമായ പ്രീതിക ചൗഹാനെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) അറസ്റ്റ് ചെയ്തു. മുംബൈയിൽ ലഹരിമരുന്ന് വാങ്ങുന്നതിനിടെയാണ് നടി എൻ.സി.ബി. സംഘത്തിന്റെ പിടിയിലായത്.
വെർസോവയിലാണ് എൻ.സി.ബി. ഉദ്യോഗസ്ഥർ രഹസ്യ ഓപ്പറേഷൻ നടത്തിയത്. ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് അഞ്ചുപേരെയാണ് ഇവിടെനിന്ന് പിടികൂടിയത്. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. സാവ്ധാൻ ഇന്ത്യ, ദേവോ കേ ദേവ് മഹാദേവ് തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ച താരമാണ് പ്രീതിക ചൗഹാൻ.
നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സിനിമാ രംഗത്തെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തായത്. തുടർന്ന് എൻ.സി.ബി. കേസ് ഏറ്റെടുക്കുകയും ബോളിവുഡിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയുമായിരുന്നു.