ദുബായ്: ഐപിഎല്ലിലെ പത്തൊമ്പതാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡൽഹി ക്യാപിറ്റൽസിന് കൂറ്റൻ ജയം. 59 റൺസിനാണ് ഡൽഹി ബാംഗ്ലൂരിനെ കെട്ടു കെട്ടിച്ചത്. ജയത്തോടെ ഡൽഹി പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തി. 197 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ സാധിച്ചുള്ളൂ. 43 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ.9000 ടി-20 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടവും റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ വിരാട് കോലി കുറിച്ചു. ഇന്ന് 10 റൺസ് എടുത്തപ്പോഴാണ് കോലി ഈ നേട്ടം കുറിച്ചത്. 286 ടി-20കളിൽ നിന്നാണ് കോലിയുടെ നേട്ടം. 285 മത്സരങ്ങളിൽ നിന്ന് 8990 റൺസുമായാണ് കോലി ഈ മത്സരത്തിൽ കളത്തിലിറങ്ങിയത്. ഇന്ത്യക്കാരിൽ ഒന്നാമതാണെങ്കിലും രാജ്യാന്തര താരങ്ങളെ പരിഗണിച്ചാൽ താരം ഏഴാം സ്ഥാനത്താണ്. 404 മത്സരങ്ങളിൽ നിന്ന് 13296 റൺസുള്ള ക്രിസ് ഗെയിലാണ് പട്ടികയിൽ ഒന്നാമത്. കീറോൺ പൊള്ളാർഡ് (10370), ഷൊഐബ് മാലിക്ക് (9926), ബ്രണ്ടൻ മക്കല്ലം (9922), ഡേവിഡ് വാർണർ (9451), ആരോൺ ഫിഞ്ച് (9146) എന്നിവരാണ് പട്ടികയിലെ തുടർന്നുള്ള സ്ഥാനങ്ങളിൽ ഉള്ളത്.
ഡൽഹി ബൗളർമാരെല്ലാം നന്നായി പന്തെറിഞ്ഞു. കഗീസോ റബാഡ 4 വിക്കറ്റ് വീഴ്ത്തി.