Breaking News

മിന്നിച്ച്‌ സഞ്ജുവും തെവാട്ടിയയും,രാജസ്ഥാന് റോയൽ ജയം

ദുബായ്: ഐപിഎല്ലിലെ ഒമ്പതാം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് 4 വിക്കറ്റ് ജയം. പഞ്ചാബ് മുന്നോട്ടുവെച്ച 224 റൺസിൻ്റെ വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിൽ 3 പന്തുകൾ ശേഷിക്കെ രാജസ്ഥാൻ മറികടക്കുകയായിരുന്നു.പിന്തുടർന്ന് ജയിക്കുന്ന ഉയർന്ന സ്കോറിന് ഉള്ള  റെക്കോർഡ് രാജസ്ഥാൻ സ്വന്തമാക്കി. 85 റൺസെടുത്ത മലയാളി താരം സഞ്ജു സാംസൺ ആണ് രാജസ്ഥാൻ്റെ കരുത്തായത്. തെവാട്ടിയയുടെ പ്രകടനവും വിജയം നേടിയെടുക്കുന്നതിൽ ശ്രദ്ധേയമായി. സ്റ്റീവ് സ്മിത്ത് (50), രാഹുൽ തെവാട്ടിയ (53) എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു. പഞ്ചാബിനായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി.

പഞ്ചാബിനെപ്പോലെ രാജസ്ഥാന് മികച്ച തുടക്കമായിരുന്നില്ല. ഏറെ പ്രതീക്ഷകളോടെ ടീമിലെത്തിയ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ 4 റൺസ് മാത്രമെടുത്ത് മടങ്ങി. ഷെൽഡൻ കോട്രലിൻ്റെ പന്തിൽ സർഫറാസ് ഖാൻ പിടിച്ചാണ് ബട്‌ലർ പുറത്തായത്. ഇത്തവണ സ്മിത്ത് ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ . സഞ്ജു ക്യാപ്റ്റന് ഉറച്ച പിന്തുണ നൽകി. ഒരു ഘട്ടത്തിലും റൺ റേറ്റ് ഉയരാതിരിക്കാൻ സഖ്യം ശ്രദ്ധിച്ചു. 26 പന്തിൽ സ്മിത്ത് അർദ്ധസെഞ്ചുറി തികച്ചു. പിന്നാലെ, ടീം സ്കോർ 100ൽ നിൽക്കെ സ്മിത്ത് പുറത്ത്. 27 പന്തുകളിൽ 50 റൺസെടുത്ത സ്മിത്ത് ജിമ്മി നീഷമിൻ്റെ പന്തിൽ മുഹമ്മദ് ഷമിക്ക് പിടികൊടുത്ത് മടങ്ങുകയായിരുന്നു. രണ്ടാം വിക്കറ്റിൽ സഞ്ജുവുമായി 81 റൺസിൻ്റെ കൂട്ടുകെട്ടുയർത്താനും സ്മിത്തിനു കഴിഞ്ഞു.

സ്മിത്ത് പുറത്തായതിനു പിന്നാലെ എത്തിയത് രാഹുൽ തെവാട്ടിയ. ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയ തെവാട്ടിയ ഓവറുകൾ പാഴാക്കി ആവശ്യമായ റൺ റേറ്റ് വർധിപ്പിക്കുകയും ചെയ്തു. ഒടുവിൽ തെവാട്ടിയക്ക് സ്ട്രൈക്ക് നിഷേധിച്ച് സഞ്ജു സിംഗിൾ ഓടാൻ മടി കാണിക്കുക പോലും ചെയ്തു. ഇതിനിടെ 27 പന്തുകളിൽ മലയാളി താരം ഫിഫ്റ്റി തികച്ചു. മാക്‌സ്വെലിനെ ഒരു ഓവറിൽ മൂന്ന് സിക്സറുകൾ അടിച്ച് സഞ്ജു രാജസ്ഥാനു പ്രതീക്ഷ നൽകിയെങ്കിലും 17ആം ഓവറിലെ ആദ്യ പന്തിൽ മടങ്ങി. മുഹമ്മദ് ഷമിയുടെ പന്തിൽ ലോകേഷ് രാഹുൽ പിടിച്ചാണ് സഞ്ജു പുറത്തായത്. 42 പന്തുകളിൽ 4 ബൗണ്ടറിയും 7 സിക്സറുകളും സഹിതം 85 റൺസ് എടുത്തതിനു ശേഷമായിരുന്നു സഞ്ജു പുറത്തായത്. തെവാട്ടിയയുമായി മൂന്നാം വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു താരം.ഇതിനിടെ സഞ്ജുവിന്റെ സിക്സ് എന്നുറപ്പിച്ച ഒരു ഷോട്ട് അസാമാന്യ പ്രകടനത്തോടെ ബൗണ്ടറിയിൽ തടഞ്ഞിട്ടു.കിംഗ്സ് ഇലവൻ പഞ്ചാബ് താരം നിക്കോളാൻ പൂരാനാണ് താരം. രാജസ്ഥാൻ റോയൽസിൻ്റെ മലയാളി താരം സഞ്ജു സാംസൺ മുരുഗൻ അശ്വിൻ്റെ പന്തിൽ അടിച്ച കൂറ്റൻ ഷോട്ട് ബൗണ്ടറിക്കു പുറത്തേക്ക് ചാഞ്ഞിറങ്ങുകയായിരുന്നു. അവിടെ ഫീൽഡ് ചെയ്തിരുന്ന പൂരാൻ അസാമാന്യമായ ഒരു പ്രകടനത്തിലൂടെ സേവ് ചെയ്യുകയായിരുന്നു.

 

ഉത്തപ്പയാണ് പിന്നീട് എത്തിയത്. ഷെൽഡൻ കട്രൽ എറിഞ്ഞ 18ആം ഓവറിൽ അത്രയും സമയം തിന്നുകളഞ്ഞ പന്തുകൾക്കൊക്കെ തെവാട്ടിയ പ്രായശ്ചിത്തം ചെയ്തു. ആ ഓവറിൽ വിൻഡീസ് പേസറെ തെവാട്ടിയ അടിച്ചത് 5 സിക്സറുകളാണ്. അടുത്ത ഓവറിലെ ആദ്യ പന്തിൽ ഉത്തപ്പ (9) പുറത്തായി. ഷമിയുടെ പന്തിൽ നിക്കോളാസ് പൂരാൻ പിടിച്ചാണ് ഉത്തപ്പ മടങ്ങിയത്. പിന്നീടെത്തിയ ജോഫ്ര ആർച്ചർ തുടർച്ചയായി രണ്ട് സിക്സറുകൾ പറത്തി ആഘോഷത്തിൽ പങ്കായി. ഓവറിലെ അഞ്ചാം പന്തിൽ ഒരു സിക്സർ കൂടി നേടിയ തെവാട്ടിയ 30 പന്തുകളിൽ ഫിഫ്റ്റി തികച്ചു. അടുത്ത പന്തിൽ പുറത്തായെങ്കിലും 7 സിക്സറുകൾ അടക്കം 53 റൺസെടുത്തിട്ടാണ് താരം പുറത്തായത്. തെവാട്ടിയയെ മായങ്ക് അഗർവാൾ പിടികൂടുകയായിരുന്നു.

രണ്ട് റൺ മാത്രം വിജയലക്ഷ്യം ഉണ്ടായിരുന്ന അവസാന ഓവർ എറിയാനെത്തിയത് മുരുഗൻ അശ്വിൻ. ആദ്യ പന്തിൽ ഡോട്ട്. രണ്ടാം പന്തിൽ റിയൻ പരഗ് ക്ലീൻ ബൗൾഡ്. അടുത്ത പന്തിൽ ബൗണ്ടറിയടിച്ച ടോം കറനിലൂടെ രാജസ്ഥാന് അവിശ്വസനീയ ജയം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top