Breaking News

പ്രാർത്ഥന വിഫലം; എസ് പി ബി വിടവാങ്ങി

ചെന്നൈ: ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്ന് ചെന്നൈ എം ജി എം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് എഴുപത്തിനാലുകാരനായ എസ്പിബിയെ ആശുപത്രിയിലേക്കു മാറ്റിയത്. എസ്പിബി തന്നെയാണ് തനിക്കു കോവിഡ് പോസിറ്റിവ് ആയ വിവരം സാമുഹ്യ മാധ്യമം വഴി അറിയിച്ചത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു. ഇന്നലെ മുതൽ നില കൂടുതൽ വഷളായി. ജീവൻ നിലനിർത്താനുള്ള പരമാവധി ശ്രമിച്ചു എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി .

ഗായകൻ, സംഗീത സംവിധായകൻ നടൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ തെന്നിന്ത്യയും മറികടന്ന് ലോകപ്രശസ്തനായ ബഹുമുഖ പ്രതിഭയാണ് എസ്.പി.ബി. തെന്നിന്ത്യൻ ഭാഷകൾ, ഹിന്ദി എന്നിവ ഉൾപ്പെടെ 16 ഇന്ത്യൻ ഭാഷകളിൽ 40,000 ത്തിലധികം പാട്ടുകൾ അദ്ദേഹം പാടിയിട്ടുണ്ട്. ആറ് ദേശീയ പുരസ്കാരങ്ങളും ആന്ധ്ര പ്രദേശ് സർക്കാരിന്റെ 25 നന്ദി പുരസ്കാരങ്ങളും കലൈമാമണി, കർണാടക, തമിഴ്നാട് സർക്കാരുകളുടെ പുരസ്കാരങ്ങൾ എന്നിവയും ലഭിച്ചിട്ടുണ്ട്. ബോളിവുഡ്, ദക്ഷിണേന്ത്യൻ ഫിലിംഫെയർ പുരസ്കാരങ്ങളും ലഭിച്ചിരുന്നു. ഇന്ത്യൻ സിനിമയ്ക്കായി നൽകിയ സംഭാവനകൾ പരിഗണിച്ച് 2012ൽ എൻ ടി ആർ ദേശീയ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. പദ്മശ്രീ, പദ്മഭൂഷൻ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

1966ൽ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് എം ജി ആർ, ജെമിനി ഗണേശൻ, ശിവാജി ഗണേശൻ, തുടങ്ങിയ മുൻനിരനായകന്മാർക്കുവേണ്ടി പാടി. കടൽപ്പാലം എന്ന ചിത്രത്തിനുവേണ്ടി ജി ദേവരാജന്റെ സംഗീതത്തിൽ ഈ കടലും മറുകടലും എന്ന ഗാനമാണ് അദ്ദേഹം മലയാളത്തിൽ ആദ്യമായി പാടിയത്.

1980ൽ കെ വിശ്വനാഥ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ശങ്കരാഭരണത്തിലൂടെയാണ് എസ് പി ബിയുടെ ശബ്ദം രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചില്ലന്നില്ലെങ്കിലും, കർണാടിക് സംഗീതവുമായി വളരെ അടുത്ത് നിൽക്കുന്ന ചിത്രത്തിലെ ഓംകാരനാദാനു എന്ന ഗാനത്തിന് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചത് സംഗീതലോകത്തിനു തന്നെ വിസ്മയമായിരുന്നു. ‘ശങ്കരാഭരണവും’ ചിത്രത്തിലെ ‘ശങ്കരാ’ എന്നു തുടങ്ങുന്ന ഗാനവും അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറി.

1946 ജൂൺ 4ന് തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ ഹരികഥ കലാകാരനായിരുന്ന എസ് പി സാംബമൂർത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി ആന്ധ്ര പ്രദേശിലെ നെല്ലോരിൽ ജനിച്ചു. ഗായിക എസ് പി ശൈലജയെകൂടാതെ രണ്ടു സഹോദരങ്ങളും നാല് സഹോദരിമാരുമുണ്ട്.

ഭാര്യ സാവിത്രി. മകൻ എസ് പി ബി ചരൺ പ്രശസ്ത ഗായകനാണ്. പല്ലവി എന്നൊരു മകളുമുണ്ട്. എസ് പി ബിയുടെ അമ്മ ശകുന്തളാമ്മ 2019ലാണ് മരണമടഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top