Breaking News

ഭർത്താവ് മരിച്ചു,പിന്നാലെ കുളത്തില്‍ ചാടിയ ഭാര്യയും ഒരു മകളും മരിച്ചു, മറ്റൊരു മകൾ ആശുപത്രിയിൽ

ചെന്നൈ: ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ കുളത്തില്‍ ചാടിയ ഭാര്യയും മകളും മരിച്ചു. മറ്റൊരു മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഗര്‍കോവില്‍ ഒഴുകിനശ്ശേരി ചന്ദന മാരിയമ്മന്‍ സ്ട്രീറ്റിലെ വടിവേല്‍ മുരുകന്‍ (78), ഭാര്യ പങ്കജം (67), മകള്‍ മാല (46) എന്നിവരാണ് മരിച്ചത്. മൈഥിലി (47) ആണ് ചികിത്സയിലുള്ളത്.

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ശുചീന്ദ്രത്തിന് സമീപം നല്ലൂരിലെ ഇളയ നയിനാര്‍ കുളത്തില്‍ മൂന്നുപേര്‍ മുങ്ങിത്താഴുന്നതായി നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. ശുചീന്ദ്രം ഇന്‍സ്പെക്ടര്‍ ജയചന്ദ്രന്റെ നേതൃത്വത്തിലെത്തിയ പോലീസ് മൂന്നു പേരെയും കരയ്ക്കെടുത്തെങ്കിലും പങ്കജത്തെയും മാലയെയും രക്ഷിക്കാനായില്ല.

മൂന്നു പേരുടെയും കൈകള്‍ തുണികൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ച മൈഥലിക്ക് ബോധം തെളിഞ്ഞപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

 

വീട്ടില്‍ അച്ഛന്‍ മരിച്ചുകിടക്കുകയാണെന്നും മറ്റ് ആശ്രയമൊന്നുമില്ലാത്തതിനാല്‍ അമ്മയും സഹോദരിയും താനും ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മൈഥിലി പോലീസിനോടു പറഞ്ഞു. ഒഴുകിനശ്ശേരിയിലെ വീട് പരിശോധിച്ച പോലീസ് വടിവേല്‍ മുരുകന്റെ മൃതദേഹം കണ്ടെത്തി. മരപ്പണിക്ക് പോയിരുന്ന വടിവേല്‍ മുരുകന്റെ വരുമാനത്തിലാണ് കുടുംബം ജീവിച്ചിരുന്നത്. രണ്ട് മക്കളും അവിവാഹിതരാണ്.

ഏതാനും ദിവസങ്ങളായി അസുഖബാധിതനായിരുന്ന വടിവേല്‍ മുരുകന്‍ തിങ്കളാഴ്ച രാത്രിയോടെയാണ് മരിച്ചത്. മൃതദേഹം സംസ്കരിക്കാന്‍ പോലും മാര്‍ഗമൊന്നും കാണാതിരുന്നതിനെ തുടര്‍ന്ന് ഭാര്യയും മക്കളും പുലര്‍ച്ചെ മൂന്നു മണിയോടെ ശുചീന്ദ്രത്തിലേക്ക് തിരിച്ചു. അഞ്ചു കിലോമീറ്ററോളം നടന്നാണ് നല്ലൂര്‍ കുളത്തിന്റെ കരയിലെത്തിയത്. ശേഷം കുളത്തില്‍ ചാടുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top