Breaking News

പെട്ടിമുടി ദുരന്തം പുറം ലോകത്തെ അറിയിക്കുന്നതിൽ വീഴ്ച; അന്വേഷണത്തിന് പ്രത്യേക റവന്യൂ സംഘം

തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തിൽ കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ(കെ.ഡി.എച്ച്.പി.) അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉത്തരവിട്ടു. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ കമ്മീഷണർ എ. കൗശികൻ ഐഎഎസിനെ ചുമതലപ്പെടുത്താനും ആവശ്യമായ വിദഗ്ദ്ധരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്താനും റവന്യൂ മന്ത്രി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജയതിലകിന് വെള്ളിയാഴ്ച വൈകിട്ട് നിർദ്ദേശം നൽകി.

പെട്ടിമുടി ദുരന്തം പുറംലോകത്തെ അറിയിക്കുന്നതിൽ വീഴ്ച വന്നോ എന്ന കാര്യം പരിശോധിക്കണമെന്ന പ്രത്യേക ദൗത്യസംഘത്തിന്റെ റിപ്പോർട്ടിലെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദുരന്തം ജില്ലാഅധികൃതരെ അറിയിക്കുന്നതിൽ ഗുരുതരമായ വീഴ്ച വന്നുവെന്നും വാർത്താവിനിമയസംവിധാനങ്ങളുടെ പിഴവുണ്ടായി എന്നുമുള്ള ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിശദമായി പരിശോധിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

സമയബന്ധിതമായി റിപ്പോർട്ട് സമർപിക്കണം. ഭാവിയിൽ ഇത്തരം പ്രകൃതിദുരന്തസാദ്ധ്യതയുളള പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്നും അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടുക്കി ജില്ലാ കളക്ടറുടെ നിർദേശപ്രകാരം നടത്തിയ പ്രത്യേക ദൗത്യസംഘത്തിന്റെ റിപ്പോർട്ടാണ് കളക്ടർക്ക് സമർപ്പിച്ചിരുന്നത്. ഓഗസ്റ്റ് ആറിന് രാത്രി നടന്ന ദുരന്തം 12 മണിക്കൂർ വൈകിയാണ് പുറം ലോകമറിയുന്നത്. അതിനാൽ രക്ഷാപ്രവർത്തനം ഏറെ വൈകിയെന്നും ഒട്ടേറെ ജീവഹാനി സംഭവിച്ചെന്നുമുള്ള പരാമർശങ്ങളടങ്ങിയ അന്വേഷണ റിപ്പോർട്ടാണ് സമർപ്പിക്കപ്പെട്ടത്. രാത്രിയിൽ നടന്ന ദുരന്തത്തെ കുറിച്ച് കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ (കെ.ഡി.എച്ച്.പി.) കമ്പനി ഫീൽഡ് ഓഫീസറെ അറിയിച്ചിരുന്നുവെന്നാണ് വിവരം. വിവരം പുറത്തറിയിക്കാൻ വൈകിയതു കാരണം രക്ഷാപ്രവർത്തനം ആദ്യമണിക്കൂറുകളിൽ നടത്താൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.

കെ.ഡി.എച്ച്.പി. കമ്പനിയുടെ അധികാര പരിധിക്കുള്ളിൽ രാത്രിയുണ്ടായ വൻദുരന്തം സംബന്ധിച്ച വിവരം രാജമല മാനേജേഴ്സ് ബംഗ്ലാവിൽനിന്നും പുറം ലോകത്തെ അറിയിക്കുവാൻ സംവിധാനങ്ങളുണ്ട്. എന്നാൽ ദുരന്തം സംബന്ധിച്ച യഥാർഥ വിവരം അധികാരസ്ഥാനങ്ങളെയും പുറംലോകത്തെയും യഥാവിധി അറിയിക്കുന്നതിൽ കമ്പനി അധികൃതരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top