Breaking News

സിനിമയിലെ അവസരം നിഷേധിച്ചു; മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥ പറഞ്ഞ ടീച്ചർക്ക് സോഷ്യൽ മീഡിയയിൽ അവഹേളനം

കൊച്ചി: ഓൺ ലൈൻ ക്ലാസിലൂടെ മിട്ടു പൂച്ചയുടെയും തങ്കുപൂച്ചയുടെയും കഥ പറഞ്ഞ് ജനഹൃദയങ്ങളിൽ ഇടം നേടിയ സായി ശ്വേത ടീച്ചറെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചതായി പരാതി.സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം നിരസിച്ചതിനെ തുടർന്നാണ് ഇത്തരം ദുരനുഭവമുണ്ടായതെന്ന് ടീച്ചർ ഫേസ് ബുക്കിലൂടെ അറിയിച്ചു. സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള ആൾക്കെതിരെയാണ് പരാതി.

സംഭവത്തിൽ നിയമപരമായ നടപടിക്ക് ഒരുങ്ങുകയാണ് ടീച്ചർ.


ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം:

പ്രിയപ്പെട്ടവരെ ,
ഏറെ സങ്കടത്തോടെയാണ് ഈ കുറിപ്പ് ഞാൻ എഴുതുന്നത് .
മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും ഓൺലൈൻ ക്ലാസ്സിന് നിങ്ങൾ തന്ന വലിയ സപ്പോർട്ടിനും വിജയത്തിനും ശേഷം ധാരാളം പ്രോഗ്രാമുകൾക്ക് ഈ എളിയ എനിക്ക് ദിവസവും ക്ഷണം ലഭിക്കാറുണ്ട് . അതിൽ പ്രാദേശികമായ ഒട്ടേറെ പരിപാടികളിൽ ഒരു മാറ്റവുമില്ലാതെ പഴയതുപോലെ സന്തോഷത്തോടെ ഞാൻ പങ്കെടുക്കാറുള്ളത് നിങ്ങളിൽ ചിലരെങ്കിലും കണ്ടിട്ടുണ്ടാവുമല്ലോ .

കഴിഞ്ഞ ദിവസം എനിക്ക് അപരിചിതമായ ഒരു നമ്പറിൽ നിന്നും ഫോൺ വന്നു . അപ്പോഴത്തെ തിരക്ക് കാരണം എടുക്കാൻ കഴിഞ്ഞില്ല . പല തവണ വിളിച്ചത് കൊണ്ട് ഗൗരവപ്പെട്ട കാര്യമാകുമെന്ന് കരുതി ഞാൻ തിരിച്ചു വിളിച്ചു . ഒരു സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണമായിരുന്നു അത് . പെട്ടെന്ന് ഒരു മറുപടി പറയാനുള്ള ബുദ്ധിമുട്ട് കൊണ്ട് സിനിമയിൽ പ്രവർത്തിക്കുന്ന ഞങ്ങളുടെ കുടുംബ സുഹൃത്തിന്റെ നമ്പർ കൊടുക്കുകയും അദ്ദേഹത്തോട് സിനിമയുടെ വിശദാംശങ്ങൾ പറഞ്ഞാൽ നന്നാവുമെന്നും പറഞ്ഞു . എന്റെ ഭർത്താവും വിളിച്ച ആളോട് സംസാരിച്ചിരുന്നു . പിന്നീട് ആലോചിച്ച് നോക്കിയപ്പോൾ തല്ക്കാലം സിനിമ അഭിനയം വേണ്ട എന്ന് ഞാൻ തീരുമാനിക്കുകയും എന്നെ വിളിച്ച ആളെ കുടുംബ സുഹൃത്ത് വഴി അത് അറിയിക്കുകയും ചെയ്തു .

പക്ഷെ പിന്നീട് കാര്യങ്ങൾ മാറുന്ന അവസ്ഥയാണ് കണ്ടത് . എന്നെ വിളിച്ചയാൾ ഫെയ്‌സ് ബൂക്കിലൂടെ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ നിരത്തി പൊതു സമൂഹത്തിൽ എന്നെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തിൽ പോസ്റ്റിട്ടു . സോഷ്യൽ മീഡിയയിൽ സെലിബ്രെറ്റി സ്റ്റാറ്റസുള്ള , വക്കീലുകൂടിയായ അദ്ദേഹം ഒരാൾ എന്ത് ചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള വ്യക്തിയുടെ മൗലിക അവകാശത്തെ പോലും ചോദ്യം ചെയ്തുകൊണ്ട് ഹീനമായി വ്യക്തിഹത്യ നടത്തുകയും സത്യം അറിയാതെ ഒട്ടേറെ പേർ അത് ഷെയർ ചെയ്യുകയും കമന്റിടുകയും ചെയ്തു .

എന്നെ സ്നേഹിക്കുന്ന ധാരാളം പേർ അത് വായിച്ചു എന്നെ വിളിക്കുകയും അവരോടൊക്കെ മറുപടി പറയാനാവാതെ ഞാൻ വിഷമിക്കുകയും ചെയ്തു .

ഒരു സ്ത്രീയോട് അപരിചിതനായ ഒരാൾ ആവശ്യപ്പെടുന്നത് അതേപടി അനുസരിച്ചില്ലെങ്കിൽ സമൂഹ മധ്യത്തിൽ അയാൾക്ക് സ്ത്രീയെ അപവാദ പ്രചാരണം നടത്തി അപമാനിക്കാം എന്ന് ചിലർ ജന്മ അവകാശം പോലെ കരുതുന്നതിന്റെ ഏറ്റവും പുതിയ അനുഭവമാണിത് . വിദ്യാസമ്പന്നരെന്ന് നമ്മൾ കരുതുന്നവർ പോലും ഇങ്ങിനെയാണ് സ്ത്രീകളോട് പെരുമാറുന്നത് . ആദ്യം ഞാൻ വല്ലാതെ തളർന്നു പോയിരുന്നു .
പിന്നീട് കുടുംബവും സുഹൃത്തുക്കളും എന്നെ അറിയാവുന്ന പൊതുസമൂഹവും എനിക്ക് നൽകിയ ധൈര്യത്തിലും പിന്തുണയിലും ഈ വിഷയത്തെ നിയമപരമായി നേരിടാനാണ് ഇപ്പോൾ ഞാൻ തീരുമാനിച്ചിരിക്കുന്നത് .അതിന്റെ ഭാഗമായി പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഒരു ടീച്ചർ എന്ന നിലയിൽ അതെന്റെ സാമൂഹിക ഉത്തരവാദിത്വമാണെന്ന് ഞാൻ കരുതുന്നു . ഈ വിഷയത്തിൽ കേരളീയ പൊതു സമൂഹത്തിന്റെ പിന്തുണ എനിക്ക് ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു .

നിങ്ങളുടെ സ്വന്തം സായി ശ്വേത ടീച്ചർ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top