Breaking News

ധാരണ ലംഘിച്ച് ചൈന; അതിർത്തിയിൽ പടയൊരുക്കം

ഡൽഹി: ലഡാക്കിലെ പാംഗോങ് തടാകമുൾപ്പെടെ നാലിടങ്ങളിൽ ചൈനീസ് സൈന്യം പ്രകോപനം തുടരുന്നുവെന്ന് കേന്ദ്രസർക്കാർ. തൽസ്ഥിതി മാറ്റിമറിക്കാൻ ചൈനയുടെ ഭാഗത്തുനിന്ന് വീണ്ടും ശ്രമമുണ്ടായെന്നും അത് ഇന്ത്യ പരാജയപ്പെടുത്തിയെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. വിഷയത്തിൽ നയതന്ത്രതലത്തിൽ ഇന്ത്യപ്രതിഷേധം അറിയിച്ചു. നിയന്ത്രണരേഖയിൽ വിന്യസിച്ചിരിക്കുന്ന സൈനികരെ നിയന്ത്രിച്ച് നിർത്തണമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.

ലഡാക്കിലെ ഇന്ത്യാ-ചൈന നിയന്ത്രണ രേഖയിലെ ചുമാർ സെക്ടറിലാണ് ചൈനയുടെ പ്രകോപനമുണ്ടായത്. ചൈനീസ് കടന്നുകയറ്റം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ ടാങ്കുകൾ ഉൾപ്പെടെയുള്ള കവചിത വാഹനങ്ങളും ആയുധങ്ങളും കൂടുതൽ സൈന്യത്തെയും ഇവിടേക്ക് എത്തിച്ചു.

മുമ്പ് അഞ്ച് തവണയായി നടന്ന സൈനിക തല ചർച്ചയിലും നാലുതവണ നടന്ന നയതന്ത്ര ചർച്ചയിലും രൂപപ്പെടുത്തിയ ധാരണകൾ പാലിക്കാൻ ചൈന തയ്യാറായില്ല. ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ ഭാഗത്തുനിന്ന് തുടർച്ചയായി പ്രകോപനം ഉണ്ടാകുന്നത്.

ഓഗസ്റ്റ് 30 ന് ഉണ്ടായ ചൈനീസ് കടന്നുകയറ്റ ശ്രമം സൈന്യം തടഞ്ഞിരുന്നു. ഇതിന് ശേഷം നടന്ന ചർച്ചയ്ക്ക് ശേഷവും ചൈനീസ് സൈന്യം വീണ്ടും ഇന്ത്യൻ ഭാഗത്തേക്ക് കടന്നുകയറാൻ ശ്രമം നടത്തിയെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്.

മേഖലയിൽ ഇന്ത്യൻ സൈന്യത്തിനുള്ള മേൽകൈ കുറയ്ക്കാനുള്ള ശ്രമങ്ങളാണ് ചൈനീസ് സൈന്യം നടത്തിയത്. ഇവിടെയുള്ള ഇന്ത്യൻ സൈനികരെ ചൈനീസ് സൈന്യം വളയുകയും ചെയ്തു. എന്നാൽ ഇനിയും മുന്നോട്ടുപോകരുതെന്ന് സൈന്യം ചൈനീസ് സേനയ്ക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം തടയാൻ ഇന്ത്യൻ സൈന്യം അവിടെ നിലയുറപ്പിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് കൂടുതൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്ത്യ രണ്ട് ടാങ്ക് റെജിമെന്റുകളേയും കവചിത വാഹനങ്ങളും അവിടേക്ക് വിന്യസിച്ചത്.

ചർച്ചകളിലുണ്ടായ ധാരണകൾ പാലിക്കാതെ പാംഗോങ് തടാകത്തിലെ പ്രദേശങ്ങളിൽ നിന്ന് ചൈന പിന്മാറാൻ തയ്യാറായിരുന്നില്ല. അതിനാൽ തന്നെ ഇവിടെ ചൈനീസ് അതിക്രമം ഇന്ത്യൻ സൈന്യം മുൻകൂട്ടി കണ്ടിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ അറിയാൻ ചൈനീസ് സൈന്യം ചാരവൃത്തിക്കായി സ്ഥാപിച്ചിരുന്ന ഉപകരണങ്ങളും ഇന്ത്യൻ സൈന്യം നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top