Breaking News

കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച ലോക്ഡൗൺ പിൻവലിച്ചു

കോഴിക്കോട്: രോഗ വ്യാപനത്തിൽ കുറവുണ്ടായതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച പ്രഖ്യാപിച്ച ലോക്ഡൗൺ ഒഴിവാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടതിനെത്തുടർന്നാണ് സമ്പർക്കവ്യാപനം ഒഴിവാക്കാൻ ഞായറാഴ്ചകളിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചത്. ജില്ലയിൽ പുതിയ ക്ലസ്റ്ററുകൾ രൂപീകരണത്തിൽ കുറവുണ്ടാവുകയും, ക്ലസ്റ്ററുകളിലെയും കോഴിക്കോട് ജില്ലയിലെയും രോഗവ്യാപനം താരതമ്യേന നിയന്ത്രണത്തിലായ സാഹചര്യത്തിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ ലോക്‌ഡൗൺ ഉപാധികളോടെ പിൻവലിക്കുകയാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.  

കർശന ഉപാധികളോടെയാണ് ലോക്ഡൗൺ പിൻവലിച്ചത്. ജില്ലയിൽ യാതൊരു തരത്തിലുള്ള കൂടിച്ചേരലുകളും ഒത്തുചേരലുകളും അനുവദിക്കില്ല. എല്ലാതരം ഒത്തുചേരലുകളും നിരോധിച്ചു. വിവാഹ, ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 പേരായി പരിമിതപ്പെടുത്തി. ആരാധനാലയങ്ങളിൽ പോകാം, എന്നാൽ ഒന്നിച്ചുള്ള പ്രാർത്ഥനയിൽ 20 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ.

ബീച്ചുകൾ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ പോലുള്ള പൊതു സ്ഥലങ്ങളിലേക്കു പോകാൻ അനുമതിയില്ല. വാണിജ്യ സ്ഥാപനങ്ങൾ വൈകുന്നേരം 5 വരെ പ്രവർത്തിക്കാൻ അനുവദിക്കും. എന്നാൽ ഷോപ്പുകളിൽ തിരക്ക് ഉണ്ടാകുന്നില്ലെന്നും ഷോപ്പിൽ ബ്രേക്ക് ദ് ചെയിൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുണ്ടെന്നും വാണിജ്യ സ്ഥാപനങ്ങൾ ഉറപ്പാക്കണം. കടകളിൽ അനുവദനീയമായ ആളുകളുടെ എണ്ണം ഒരു ചതുരശ്ര മീറ്ററിന് ഒരു വ്യക്തി എന്നായിരിക്കും. ഓരോ വ്യക്തിയും തമ്മിൽ ആറടി ദൂരവും ഉറപ്പ് വരുത്തണം.
പൊലീസ്, വില്ലേജ് സ്ക്വാഡുകൾ, എൽ‌എസ്‌ജി‌ഐ സെക്രട്ടറിമാർ എന്നിവരുടെ പരിശോധനയിൽ  ഏതെങ്കിലും നിയമ ലംഘനങ്ങൾ ശ്രദ്ധിക്കപ്പെടുകയാണെങ്കിൽ അത് വളരെ ഗൗരവമായി കാണുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. എല്ലാ കടകള്‍, സ്ഥാപനങ്ങൾ, പൊതു സ്ഥലങ്ങൾ, ഇവന്റുകൾ എന്നിവ നിർബന്ധമായും സന്ദർശക റജിസ്റ്റർ ‘കോവിഡ് 19 ജാഗ്രത’ പോർട്ടലിൽ ഓൺലൈനായി രേഖപ്പെടുത്തണം. ‘കോവിഡ് 19 ജാഗ്രത’ വിസിറ്റേഴ്സ് റജിസ്റ്റർ ക്യൂആര്‍ കോഡ് പ്രിന്റ് ചെയ്ത് പ്രദർശിപ്പിക്കണം. ബുക്ക്‌ റജിസ്റ്ററിനു പകരം സ്ഥാപനങ്ങളിലെത്തുന്നവര്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അവരുടെ പേരും ഫോൺ നമ്പറും നിമിഷങ്ങൾക്കകം കോവിഡ് ജാഗ്രത പോർട്ടലിൽ രേഖപ്പെടുത്താൻ കഴിയും. ഇതിൽ വീഴ്ച ഉണ്ടായാൽ കർശന നിയമനടപടി സ്വീകരിക്കും.
പൊതുഗതാഗതം അനുവദനീയമാണെങ്കിലും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു പ്രവേശിക്കാൻ അനുവദിക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കും. ഈ ഇളവുകൾ കണ്ടെയിൻമെൻറ്റ്  സോണുകൾ ഒഴികെയുള്ള മേഖലകളിൽ മാത്രമാണ് ബാധകം. ഞായറാഴ്ച ലോക്ഡൗൺ  ഇളവ് താൽക്കാലികമാണ്, കേസുകളുടെ എണ്ണം കൂടുകയോ പുതിയ ക്ലസ്റ്ററുകൾ ഉണ്ടാവുകയോ ചെയ്താൽ, ഈ ഇളവുകൾ റദ്ദാക്കുകയും ഞായറാഴ്ച ലോക്ഡൗൺ വീണ്ടും നടപ്പിൽ വരുത്തുകയും ചെയ്യുമെന്നും കലക്ടർ അറിയിച്ചു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top