പത്തനംതിട്ട: പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ പത്തനംതിട്ടയിൽ ആശങ്ക.
തിരുവല്ല പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ അഡിഷണൽ എസ് ഐ ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആന്റിജൻ ടെസ്റ്റിലൂടെയാണ് രോഗം കണ്ടെത്തിയത്. ഇദ്ദേഹത്തിന് യാതൊരു രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. രോഗ ഉറവിടം വ്യക്തമല്ലാത്തതും ആശങ്ക ഉയർത്തുന്നുണ്ട്.
22നാണ് പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. ഫലം വന്നപ്പോഴാണ് ഒരു ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പർക്കപ്പട്ടിക വിപുലമാകാനാണ് സാധ്യതയെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു.
28 ഉദ്യോഗസ്ഥരാണ് പുളിക്കീഴ് സ്റ്റേഷനിൽ ഉള്ളത്. എസ് ഐ ഉൾപ്പെടെ പത്തോളം പേരെങ്കിലും നിരീക്ഷണത്തിൽ പോകേണ്ടി വരും.
നേരത്തെ കോന്നി സ്റ്റേഷനിലെ പൊലീസുകാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അന്ന് അദ്ദേഹത്തിൻ്റെ പ്രഥമ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന 35 പൊലീസുകാരാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്.