Breaking News

സ്വർണ്ണക്കടത്ത് കേസ്: ആരോപണം ശുദ്ധ അസംബന്ധം, കുറ്റക്കാരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് പിണറായി വിജയൻ

കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് എന്താണെന്ന് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ ആരോപണം സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

തെറ്റ് ചെയ്ത ഒരാളെയും സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസ്. നാല് വർഷക്കാലത്തെ പ്രവർത്തനത്തിലൂടെ ജനങ്ങൾക്ക് ഇത്ബോ ധ്യമുണ്ട്. അത് കളങ്കപ്പെടുത്താൻ സുരേന്ദ്രന്റെ നാവ് കൊണ്ട് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും സംഭവമുണ്ടായാൽ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും എങ്ങനെയെങ്കിലും പെടുത്താമെന്നാണ് ചിലർ ആലോചിച്ച് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ആരോപണം. ഈ കേസ് അന്വേഷിക്കുന്നത് കസ്റ്റംസാണെന്ന് അദ്ദേഹം മനസിലാക്കണം. അവരത് കൃത്യമായി അന്വേഷിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ആരും രക്ഷപെടുന്ന നില ഉണ്ടാകില്ല എന്നാണ് കരുതുന്നത്. അത്തരം ആളുകളെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുക എന്നതാണ് ഏറ്റവും പ്രധാനം. തെറ്റ് ചെയ്യുന്നവർക്കെതിരേ മറ്റ് ദുരാരോപണങ്ങൾ ഉന്നയിച്ച് പരിരക്ഷ നൽകുന്ന സമീപനം ബിജെപി സംസ്ഥാന പ്രസിഡന്റിനെ പോലുള്ളവർ സ്വീകരിക്കരുത്. എന്ത് അസംബന്ധവും വിളിച്ചുപറയാനുള്ള നാക്കുണ്ടെന്ന് കരുതി എന്തും വിളിച്ച് പറയരുതെന്നും അതൊന്നും പൊതുസമൂഹത്തിന് ചേർന്ന കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം വിമാനത്താവളത്തിൽ ഏറ്റവും വലിയ സ്വർണക്കടത്താണ് നടന്നത്. അത് ഫലപ്രദമായി കണ്ടെത്തിയവരേയും അതിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന അധികൃതർക്ക് ലഭിച്ചിട്ടുണ്ടെന്ന് തന്നെയാണ് മനസിലാക്കുന്നത്. ശരിയായ രീതിയിൽ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്താനും നിയമത്തിന്റെ കരങ്ങളിൽ എത്തിക്കാനും അന്വേഷണ സംഘത്തിന് കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top