കോട്ടയം: കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ആശുപത്രി ജീവനക്കാരി. പൊന്‍കുന്നത്തെ അരവിന്ദ ആശുപത്രിയിലെ ജീവനക്കാരിയായ ചിറക്കടവ് സ്വദേശിനി(36)ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജൂണ്‍ 26-ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനിയില്‍നിന്നാണ് ഇവര്‍ക്കു രോഗം പകര്‍ന്നതെന്നാണു സൂചന. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഇവരെ പരിശോധനയ്ക്കു വിധേയമാക്കിയത്.
പുതുതായി ഒന്‍പതു പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര് വിദേശത്തുനിന്നും അഞ്ചു പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്.
എല്ലാവരും ഹോം ക്വാറന്റൈനിലായിരുന്നു. വിദേശത്തു ചികിത്സയ്ക്കുശേഷം കോവിഡ് മുക്തയായി നാട്ടിലെത്തിയ യുവതിയും ഒരു കുടുംബത്തിലെ നാലുപേരും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഷാര്‍ജയില്‍നിന്നു ജൂണ്‍ 19-ന് എത്തിയ പായിപ്പാട് സ്വദേശിനി (27)ക്കാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. ഷാര്ജയില്വച്ചു മേയ് പത്തിനു രോഗം സ്ഥിരീകരിച്ചശേഷം അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ജൂണ്‍ മൂന്നിനു നടത്തിയ സാന്പിള്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. അതിനുശേഷമാണു നാട്ടിലെത്തിയത്. വീണ്ടും രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഇവര്‍ക്കു പരിശോധന നടത്തിയത്.
മുംബൈയില്‍നിന്ന് എത്തിയ കുടുംബത്തിലെ നാലു പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. വിമാനമാര്‍ഗം ജൂണ്‍ 26-ന് എത്തിയ മറിയപ്പള്ളി സ്വദേശി (48), ഇയാളുടെ ഭാര്യ (36), മൂത്ത മകന്(12), ഇളയ മകന് (7) എന്നിവര്‍ക്കാണു ഒരേദിവസം രോഗം കണ്ടെത്തിയത്.
ഇതിനു പുറമേ കോല്‍ക്കത്തയില്‍നിന്ന് ജൂണ്‍ 22-ന് എത്തിയ കൂരോപ്പട സ്വദേശിനി (60, രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല), ഒമാനില്‍നിന്ന് ജൂണ്‍ 23-ന് എത്തിയ വാഴൂര്‍ സ്വദേശിനി (31). സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 20-ന് എത്തിയ മണര്‍കാട് സ്വദേശി (63) എന്നിവര്‍ക്കും രോഗം സ്ഥിരീകരിക്കപ്പെട്ടു