Latest News

പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി ബലാത്സംഗം ചെയ്തു; മുൻ പ്രധാനമന്ത്രി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി അമേരിക്കൻ ബ്ലോഗർ

പാകിസ്ഥാനിലെ പ്രതിപക്ഷ കക്ഷിയായ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി അമേരിക്കൻ ബ്ലോഗർ. 2011ൽ പാക് ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ ഡ്രിങ്ക്സിൽ മയക്കുമരുന്ന് കലർത്തി അബോധാവസ്ഥയിലാക്കി റഹ്മാൻ മാലിക് തന്നെ ബലാത്സംഗം ചെയ്തുവെന്നു ബ്ലോഗറായ സിന്തിയ ഡി. റിച്ചി ആരോപിച്ചു.

കൊല്ലപ്പെട്ട ബേനസീർ ഭൂട്ടോയെ അപമാനിച്ചുവെന്ന് ആരോപിച്ച് പിപിപി പ്രവർത്തകൻ സിന്തിയക്കെതിരെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബിലാവൽ ഭൂട്ടോ സർദാരി നയിക്കുന്ന പാർട്ടിയെ വെട്ടിലാക്കുന്ന തുറന്നുപറച്ചിൽ സിന്തിയ നടത്തിയത്. വെള്ളിയാഴ്ച ഫേസ്ബുക്ക് ലൈവ് വീഡിയോയിലാണ് വിവാദവെളിപ്പെടുത്തൽ നടത്തിയത്. പാകിസ്ഥാൻ തന്റെ രണ്ടാം വീടാണെന്നും സിന്തിയ പറയുന്നു. ആരോപണം തെളിയിക്കുന്നതിന് ആവശ്യമായ ശക്തമായ തെളിവുകൾ കൈവശമുണ്ടെന്നും അടുത്ത ആഴ്ച ഇക്കാര്യം പുറത്തുവിടുമെന്നും അവർ പറഞ്ഞു.

 

മുൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും മുൻ ആരോഗ്യമന്ത്രി മഖ്ദൂം ഷഹാബുദ്ദീനും ഇസ്ലാമാബാദിലെ പ്രസിഡന്റിന്റെ വസതിയിൽവെച്ച് ശാരീരികമായി പീഡിപ്പിച്ചുവെന്നും അവർ ആരോപണം ഉന്നയിച്ചു. ആസിഫ് അലി സർദാരി പാകിസ്ഥാൻ പ്രസിഡന്റായിരിക്കെയാണ് ഈ സംഭവമെന്നും അവർ വെളിപ്പെടുത്തി.

ബേനസീർ ഭൂട്ടോയും ആസിഫ് അലി സർദാരിയുമായുള്ള ബന്ധത്തെകുറിച്ചുള്ള ആക്ഷേപകരമായ പരാമർശങ്ങളുടെ പേരിൽ കഴിഞ്ഞ ആഴ്ചയാണ് പിപിപി പേഷ്വാർ ജില്ലാ പ്രസിഡന്റ് സുൽഫിഖർ അഫ്ഗാനി ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ സൈബർ വിഭാഗത്തിൽ പരാതി നൽകിയത്. ബേനസീർ ഭൂട്ടോയുടെ രഹസ്യ ലൈംഗിക ബന്ധങ്ങളെ കുറിച്ചുള്ള പുസ്തത്തിന്റെ ചില ഭാഗങ്ങൾ കഴിഞ്ഞ ആഴ്ച സിന്തിയ ട്വീറ്ററിൽ പങ്കുവെച്ചിരുന്നു. ബേനസീർ ഭൂട്ടോ, മകനും പിപിപി ചെയർമാനുമായ ബിലാവൽ ഭൂട്ടോ, മുതിർന്ന പാർട്ടി നേതാവ് ഷെറി റഹ്മാൻ എന്നിവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള പരാമർശങ്ങളാണ് പുസ്തകത്തിലുള്ളത്.

 

പിപിപി നേതാക്കൾ മദ്യപിക്കുന്നതിന്റെയും ചൂതുകളിക്കുന്നതിന്റെയും സ്ത്രീകളുമായി നൃത്തം ചെയ്യുന്നതിന്റെയും ചിത്രങ്ങളും സിന്തിയ പങ്കുവെച്ചിരുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിന് ബേനസീർ ഭൂട്ടോക്ക് സുരക്ഷാ ഗാർഡുമാരുണ്ടായിരുന്നുവെന്നും അവർ ആരോപിച്ചിരുന്നു.‌

 

2009ലാണ് അവർ വിനോദസ‍ഞ്ചാരിയായി പാകിസ്ഥാനിലെത്തിയത്. ഉടനടി തന്നെ അവർ പാകിസ്ഥാനിലെ അധികാര കേന്ദ്രങ്ങളിലെ സ്വാധീനശക്തിയായി മാറിയത് എങ്ങനെ എന്നത് സംബന്ധിച്ച് നിഗൂഢത തുടരുകയാണ്. പാകിസ്ഥാന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന് അന്നത്തെ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും ആഭ്യന്തരമന്ത്രിയായിരുന്ന റഹ്മാൻ മാലിക്കും തന്നെ ക്ഷണിക്കുകയായിരുന്നുവെന്ന് സിന്തിയ പറയുന്നു. പിപിപിയുടെ കമ്മ്യൂണിക്കേഷൻ കൺസൾട്ടന്റായിരുന്നു താനെന്നും സിന്തിയ പറയുന്നു. നല്ല ഒഴുക്കോടെ ഉർദു സംസാരിക്കാനും കുറച്ചൊക്കെ പഞ്ചാബിയും അവർക്ക് വശമുണ്ട്.

 

ഫ്രീലാൻസ് ഫിലിം മേക്കർ, എഴുത്തുകാരി, കോളമിസ്റ്റ് എന്നീ നിലകളിൽ ഇപ്പോൾ അറിയപ്പെടുന്ന സിന്തിയ ഇസ്ലാമാബാദിലാണ് താമസം. ആദ്യം പിപിപിയുടെ അടുപ്പക്കാരിയായിരുന്ന അവർ വൈകാതെ ഇമ്രാൻ ഖാന്റെ ക്യാമ്പിലെത്തുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top