Breaking News

രക്ഷിതാക്കൾക്ക് ഇരുട്ടടിയായി സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകള്‍ ഫീസ് പിരിവ് തുടങ്ങി

കൊച്ചി: ലോക്ഡൗണില്‍ പെട്ട് നട്ടം തിരിയുന്ന മാതാപിതാക്കള്‍ക്ക് ഇരുട്ടടിയായി സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകള്‍ ഫീസ് പിരിവ് തുടങ്ങി. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സ്കൂളുകള്‍ തുറക്കില്ലെങ്കിലും മുഴുവന്‍ ഫീസും അടയ്ക്കണമെന്നാണ് സ്കൂളുകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സ്കൂളുകള്‍ തുറക്കാതെ ഓണ്‍ലൈനില്‍ ക്ലാസുകള്‍ നടത്തുന്പോള്‍ ഫീസ് പിരിക്കാന്‍ മാനേജ്മെന്റുകള്‍ക്ക് അര്‍ഹതയില്ലെന്നാണ് രക്ഷകര്‍ത്താക്കള്‍ പറയുന്നത്.

സംസ്ഥാനത്തെ മിക്ക സ്വകാര്യ സ്ക്കൂളുകളും എണ്ണായിരം മുതല്‍ 17,000 രൂപ വരെയാണ് ടേം ഫീസ് ഈടാക്കുന്നത്. കൊവിഡ് മൂലം മിക്കവരുടെയും തൊഴിലും വരുമാനവും നഷ്ടപ്പെട്ടിട്ടും ഫീസ് വാങ്ങുന്ന കാര്യത്തില്‍ ഇവര്‍ മടിയൊന്നും കാണിച്ചിട്ടില്ല. കുട്ടികള്‍ സ്ക്കൂളില്‍ എത്തുന്നതിലെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഓണ്‍ ലൈന്‍ ക്ലാസുകള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദശം.

അതും ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം. ഓണ്‍ ലൈന്‍ ക്ലാസുകള്‍ക്കായി കമ്പ്യൂട്ടറും  മൊബൈലുമൊക്കെ വാങ്ങി മാതാപിതാക്കള്‍ ഇപ്പോള്‍ തന്നെ കടക്കെണിയിലാണ്. സ്ക്കൂള്‍ തുറക്കാത്തിനാല്‍ ഫീസ് അടക്കാന്‍ സാവകാശം ലഭിക്കുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ ഇതെല്ലാം തെറ്റി.

സ്ക്കൂളിലെ അനുബന്ധ സൗകര്യങ്ങള്‍ ഒന്നും ഉപയോഗിക്കാത്തപ്പോള്‍ ഫീസ് വാങ്ങരുതെന്നാണ് രക്ഷകര്‍ത്താക്കളുടെ ആവശ്യം. പലയിടത്തും അധ്യാപകരുടെ ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തു. സ്വകാര്യ മാനേജ്മെന്‍റുകള്‍ക്കൊപ്പം കേന്ദ്രീയ വിദ്യാലയവും ഫീസ് അടക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫീസ് വര്‍ദ്ധന മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുകയാണ് കേന്ദ്രീയ വിദ്യാലയങ്ങള്‍. വിദ്യാലയ വികാസ് നിധി എന്ന പേരിലാണിത് ഈടാക്കുന്നത്.

ഫീസിനു പുറമെ പുസ്തകവും മറ്റും വാങ്ങാന്‍ പണം വേണം. വരുമാനം ഇല്ലാതായതോടെ എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് രക്ഷകര്‍ത്താക്കള്‍. എന്നാല്‍ ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതിനൊപ്പം  നിശ്ചിത തീയതിക്കുള്ളില്‍ ഫീസ് അടക്കണമെന്ന് നിബന്ധനയും വേണ്ടെന്ന് വച്ചെന്നാണ് സ്ക്കൂള്‍ അധികൃതര്‍ പറയുന്നത്.

1 Comment

1 Comment

  1. കെ.ആർ. രാജൻ

    May 28, 2020 at 6:24 pm

    ടി വി ചാനലുകാർ കോവിസ് സമയത്ത് ചാർജ് ചെയ്യാൻ പാടില്ലാത്തതാണ് .കാരണം വാർത്തകൾ ഒഴിച്ച് മറ്റു പ്രദർശനങ്ങൾ എല്ലാാം മുൻപ് കാണിച്ചതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top