Kerala

സംസ്ഥാനത്ത്‌ ജ്വല്ലറികള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഇളവ് വരുത്തിക്കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ജ്വല്ലറികള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശം കൃത്യമായി പാലിച്ചുകൊണ്ട് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പു വരുത്തിയാണ് ജ്വല്ലറികളുടെ പ്രവര്‍ത്തനം ആരംഭിച്ചത്.

ലോക്ക്ഡൗണില്‍ ജ്വല്ലറികള്‍ രണ്ടു മാസത്തോളമായി അടച്ചിട്ടത് കാരണം സ്വര്‍ണ്ണ വ്യാപാര മേഖലയാകെ കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്ന സമയത്താണ് ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യമാകെ ജ്വല്ലറികള്‍ അടച്ചിടേണ്ട സ്ഥിതിയുണ്ടായത്. ഇത്തരത്തിലുള്ള അവസ്ഥ ഇതിന് മുന്‍പ് ഒരിക്കലും അനുഭവിക്കേണ്ടി വന്നിട്ടില്ല. ഷോപ്പുകളുടെ വാടകയിനത്തിലും ജീവനക്കാരുടെ ശമ്പള ഇനത്തിലും വായ്പയുടെ പലിശ ഇനത്തിലും മറ്റും കോടികളുടെ ബാധ്യതയാണ് ഓരോ ജ്വല്ലറി ഉടമയ്ക്കും ഉണ്ടായത്. നികുതി ഇനത്തില്‍ സര്‍ക്കാറിനും കോടിക്കണക്കിന് രൂപ നഷ്ടമുണ്ടായി.

കൊറോണ വ്യാപനം തടയുന്നതിനും ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കുന്നതിനും സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ ഏറ്റവും മികച്ചതാണെന്ന് കേരള ജ്വല്ലേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി സൂം ആപ്പ് സംവിധാനം വഴി നടത്തിയ യോഗം വിലയിരുത്തി. സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ സുരക്ഷാ നടപടികളും മുന്‍കരുതലുകളും പൂര്‍ണ്ണമായും പാലിച്ചു കൊണ്ടു മാത്രമേ ജ്വല്ലറികള്‍ തുറക്കാന്‍ പാടുള്ളൂവെന്ന് യോഗം ജ്വല്ലറി ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ജ്വല്ലറികളിലെത്തുന്ന ഇടപാടുകാരുടെയും ജീവനക്കാരുടെയും ആരോഗ്യ സംരക്ഷണത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. രോഗ വ്യാപന സാധ്യതകള്‍ പൂര്‍ണ്ണമായും തടയുന്നതിനായി ഷോറൂമുകള്‍ അണു വിമുക്തമാക്കുകയും ഇടപാടുകാരും ജീവനക്കാരും സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള നടപടികള്‍ എടുക്കുകയും ചെയ്തിരുന്നു. എല്ലാ ജ്വല്ലറികളിലും സാനിറ്റെസറുകള്‍ ഉള്‍പ്പെടെയുള്ള അണുവിമുക്ത മാര്‍ഗങ്ങള്‍ സജ്ജമാക്കുകയും ജീവനക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top