Breaking News

ചിത്രം പുറത്ത്, കിം ജോങ് ഉന്‍ പൊതുവേദിയില്‍

പ്യോങ്‌യാങ്: മൂന്നാഴ്ചക്ക് ശേഷം ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. കൊറിയന്‍ വാര്‍ത്ത ഏജന്‍സിയായ കെ.സി.എന്‍.എയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കിം ജോങ് മരിച്ചുവെന്നുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട്.

ലോക തൊഴിലാളി ദിനത്തില്‍ ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങ്ങിന് സമീപ പ്രദേശമായ സുന്‍ചോണിലെ രാസവള നിര്‍മ്മാണ ഫാക്ടറിയുടെ ഉദ്ഘാടനത്തിനാണ് കിം ജോങ് ഉന്നെത്തിയത്. സഹോദരി കിം യോ ജോങ്ങും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചുവന്ന നാട മുറിച്ച്‌ ഫാക്ടറിയുടെ ഉദ്ഘാടനം നടത്തുന്ന കിമ്മിന്റെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.

ഇതോടെ കിം ജോംഗ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കാണ് അവസാനമായത്. ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്നു കിമ്മിനു മസ്തിഷ്‌കമരണം സംഭവിച്ചെന്ന മട്ടില്‍ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഏപ്രില്‍ 11-നുശേഷം കിം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്ത സാഹചര്യത്തിലാണ് ഊഹാപോഹങ്ങള്‍ പ്രചരിച്ചത്.

കിം ഏപ്രില്‍ 15നു മുത്തച്ഛനും മുന്‍ സര്‍വാധിപതിയുമായ കിം ഇല്‍ സുരാഗിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തില്ല. ഉത്തരകൊറിയയിലെ ഒരു പ്രധാന ദേശീയാഘോഷദിനമാണിത്. ഇതോടെയാണ് കിം വാര്‍ത്തകളില്‍ നിറഞ്ഞത്.

2014-ല്‍ കിം ആറാഴ്ചയോളം പൊതുവേദിയില്‍ വന്നില്ല. പിന്നീട് ഒരു ചൂരല്‍വടിയുമായാണ് പ്രത്യക്ഷപ്പെട്ടത്. കാല്‍ക്കുഴയിലെ ഒരു മുഴ നീക്കംചെയ്യാന്‍ ശസ്ത്രക്രിയ നടത്തി എന്നാണ് പിന്നീട് വാര്‍ത്ത പുറത്തുവന്നത്.

അതേസമയം, കെ.സി.എന്‍.എ പ്രസിദ്ധീകരിച്ച ചിത്രത്തിന്റെ ആധികാരികത ഉറപ്പിച്ചിട്ടില്ല. കിമ്മിന്റെ ചിത്രത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇക്കാര്യത്തില്‍ പ്രതികരണത്തിനില്ലെന്നായിരുന്നു യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മറുപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top