ന്യൂഡല്‍ഹി: ഭാഗികമായി ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് റെയില്‍വേ. അടിയന്തിര സാഹചര്യങ്ങളില്‍ അകപ്പെട്ടവര്‍ക്ക് യാത്ര നടത്തുന്നതിന് വേണ്ടിയാണ് ട്രെയിനുകള്‍ ഓടിക്കുന്ന കാര്യം റെയില്‍വേ അധികൃതര്‍ ആലോചിക്കുന്നത്. ഉയര്‍ന്ന ടിക്കറ്റ് നിരക്കില്‍ ഏതാനും ചില ട്രെയിനുകളാണ് ഓടിത്തുടങ്ങുകയെന്നാണ് വിവരം.
ഭാഗികമായി സര്‍വീസ് പുനരാരംഭിക്കാനുള്ള റെയില്‍വേയുടെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചാല്‍ സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ മാത്രമുള്ള ട്രെയിനുകള്‍ സര്‍വീസ് നടത്തും. തുടക്കത്തില്‍ എ.സി ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. മാത്രമല്ല ടിക്കറ്റ് കണ്ഫര്മേഷന് ലഭിച്ചവരെ മാത്രമേ തുടക്കത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. മുതിര്‍ന്ന പൗരന്മാര്, അംഗപരിമിതര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കുള്ള നിരക്കിളവുകള്‍ ഇത്തരം ട്രെയിനുകളില്‍ ഉണ്ടാകില്ല. ആളുകള്‍ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുമെന്നതിനാല്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍ അനുവദിക്കില്ല. സര്‍വീസിന്റെ ആരംഭത്തില്‍ ഗ്രീന്‍ സോണുകളായി പ്രഖ്യാപിച്ച മേഖലകളില്‍ മാത്രമാണ് സര്‍വീസ് ഉണ്ടാകുക. ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങള്‍ ഒഴിവാക്കുകയോ, സ്റ്റോപ്പ് അനുവദിക്കാതിരിക്കുകയോ ചെയ്യും.