ന്യൂഡല്‍ഹി: ലുഡോ കളിക്കുന്നതിനിടെ ചുമച്ചപ്പോള്‍ കൊറോണയുണ്ടെന്ന് കളിയാക്കിയ സുഹൃത്തിന് നേരേ യുവാവ് വെടിയുതിര്‍ത്തു. കാലിന് വെടിയേറ്റ യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെച്ചയാള്‍ സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ടു. ഗ്രെയ്റ്റര്‍ നോയിഡയിലെ ഒരു ക്ഷേത്ര വളപ്പില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
ലോക്ക്ഡൗണിനിടെയാണ് നാല് സുഹൃത്തുക്കള്‍ ലുഡോ കളിക്കാനായി ക്ഷേത്ര വളപ്പിലെത്തിയത്. കളിക്കുന്നതിനിടെ നിര്‍ത്താതെ ചുമച്ച യുവാവിനെ സുഹൃത്ത് കൊറോണയുള്ളവരുടെ ചുമയാണെന്നും കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നും പറഞ്ഞ് കളിയാക്കി. ഇതു കേട്ടയുടന്‍ പ്രകോപിതനായ യുവാവ് കൈയിലുണ്ടായിരുന്ന തോക്ക് എടുത്ത് സുഹൃത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. വെടിയൊച്ച കേട്ട് സമീപവാസികളെല്ലാം ഓടിയെത്തി. തുടര്‍ന്ന് വെടിയേറ്റ് നിലത്തു വീണ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.