Kerala

കണ്ണില്‍ അസഹ്യമായ വേദനയും പഴുപ്പും, അര്‍ബുദമാണെന്ന സംശയത്തില്‍ ബയോപ്‌സി പരിശോധന; ഒടുവില്‍ പുറത്തെടുത്തത് മരക്കഷ്ണം

കോഴിക്കോട്: അറുപത്തിയോഴുകാരന്റെ കണ്ണില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് മൂന്നര സെന്റി മീറ്റര്‍ നീളമുള്ള മരക്കഷ്ണം. മൂന്ന് മാസം നീണ്ട മാറാത്ത വേദനക്കൊടുവിലാണ് വയനാട് പുല്‍പ്പള്ളി സ്വദേശിയുടെ വലത് കണ്ണില്‍ നിന്ന് കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ മരക്കഷ്ണം നീക്കം ചെയ്തത്.

കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് വഴിനടക്കവെ അബദ്ധത്തില്‍ നിലത്തുള്ള മരച്ചില്ലയിലേക്ക് ഇദ്ദേഹം മുഖംകുത്തി വീണത്. വീഴ്ചയില്‍ കണ്‍തടത്തിന്റെ താഴെ ചെറിയൊരു മുറിവ് മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് ദിവസംകൊണ്ട് മുറിവുണങ്ങിയെങ്കിലും കണ്ണില്‍ അസഹ്യമായ വേദനയും വീക്കവും മാറാത്തതിനെ തുടര്‍ന്ന് ഒന്നിലധികം നേത്രരോഗ വിദഗ്ധരെ സമീപിച്ചെങ്കിലും അവര്‍ക്ക് കണ്ണിനകത്ത് എന്തെങ്കിലും ഉള്ളതായി കണ്ടെത്താനായില്ല. മരുന്നുകള്‍ കഴിച്ചിട്ടും കണ്ണിലെ പഴുപ്പ് കുറയാതായയോടെ അര്‍ബുദമാണെന്ന സംശയത്തില്‍ ബയോപ്‌സി പരിശോധനക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഇതിനിടയിലാണ് കൂടുതല്‍ പരിശോധനക്കായി ഇയാള്‍ കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ എത്തുന്നത്. ആശുപത്രിയിലെ പ്രഥമ പരിശോധനയില്‍ തന്നെ ഡോക്ടര്‍മാര്‍ കണ്ണിനകത്ത് എന്തോ കാര്യമായ വസ്തു ഉള്ളതായി മനസ്സിലാക്കി. തുടര്‍ന്ന് ചീഫ് സര്‍ജന്‍ ഡോ. ലൈലാ മോഹന്‍ അനസ്‌തെറ്റിസ്റ്റ് ഡോ. ദ്വിദീപ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മരക്കഷ്ണം പുറത്തെടുത്തു. എന്നാല്‍ രോഗിയുടെ കാഴ്ചക്ക് തകരാറുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top