ഹാമില്ട്ടണ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയെ ഒമ്പത് തവണ പുറത്താക്കിയ കിവീസ് പേസ് ബൗളറാണ് ടിം സൗത്തി. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ കോലിയെ ബൗള്‍ഡാക്കിയ സൗത്തി റെക്കോഡ് നേട്ടത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. വിക്കറ്റ് നഷ്ടപ്പെട്ട് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്ന കോലിയുടെ പുറംകാണാന് നല്ല രസം തോന്നാറുണ്ടെന്ന് സൗത്തി പറഞ്ഞു.
‘ഏറെ ദൗര്‍ബല്യങ്ങളൊന്നുമില്ലാത്ത ക്ലാസ് കളിക്കാരനാണ് കോലി. അദ്ദേഹം ഉജ്ജ്വലഫോമിലാണ്. ചെയ്സ് ചെയ്യുമ്പോള്‍ മികവ് കൂടും. വിക്കറ്റെടുക്കുകയാണ് നമ്മുടെ ജോലി. കോലിയുടേതാവുമ്പോള് സന്തോഷം കൂടും. അദ്ദേഹം ഔട്ടായി മടങ്ങുമ്പോള്‍ ആ പുറം കാണുന്നത് എനിക്ക് എപ്പോഴും ഇഷ്ടമാണ്’-സൗത്തി പറയുന്നു.