Idukki

മന്ത്രിക്കു പകരം ‘ബാർബർ; പാട്ട് തെറ്റിച്ച ലളിതയോട് മണിയാശാൻ പറഞ്ഞത്/Video

‘ഇടുക്കിയുടെ സ്വന്തം മന്ത്രിയെ പുകഴ്ത്താൻ പാട്ടിൽ പാരഡി പരീക്ഷിച്ചു, പക്ഷേ പാരഡിപ്പാട്ടിന്റെ വരികൾ മറന്നപ്പോൾ സംഗതി കൈവിട്ടു പോയി.മന്ത്രിക്ക് പകരം ബാർബർ എന്ന് തന്നെ പാടി. എന്തു ചെയ്യാനാ? എല്ലാം എന്റെ നാക്കു പിഴ. അങ്ങനെ സംഭവിച്ചതിൽ എനിക്ക് ഭയങ്കര സങ്കടമുണ്ട്…’’ – സങ്കടം നിറയുകയാണ് കുടുംബശ്രീ പ്രവർത്തക, കട്ടപ്പന വണ്ടൻമേട് രാജാക്കണ്ടം മുല്ലയിൽ ലളിത പാപ്പന്റെ (52)വാക്കുകളിൽ. ‘സന്തോഷത്തോടെയാണ് പാടാനെത്തിയത്. പക്ഷേ ഈരടിയിൽ അടി തെറ്റി പാട്ടിൽ മന്ത്രിക്കു പകരം ‘ബാർബർ’ കയറി വന്നു. പാട്ടു തെറ്റിച്ച നാക്കുപിഴ, എന്റെ ജീവിതത്തിൽ പുതിയ ‘കഥ പറച്ചിലായി…’


സബ് സ്റ്റേഷന്റെ ഉദ്ഘാടനത്തിനായി മന്ത്രി മണി എത്തുമ്പോൾ വ്യത്യസ്തമായി എന്തു ചെയ്യണം എന്ന ആലോചനയാണ് പാട്ടിന്റെ പിറവിക്ക് ഇടയാക്കിയത്. രാജാക്കണ്ടം പ്രതീക്ഷ കുടുംബശ്രീ സംഘത്തിലെ അംഗമായ ഞാൻ ഇക്കാര്യം, സംഘം പ്രസിഡന്റ് ലിസമ്മയോടു പറഞ്ഞപ്പോൾ പച്ചക്കൊടി കാട്ടി. പല പാട്ടുകളും കടന്നുവന്നെങ്കിലും മനസ്സിന്റെ പവർഹൗസിൽ മിന്നിയത് ‘കഥ പറയുമ്പോൾ’ എന്ന സിനിമയിലെ, ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ…’ എന്ന ഗാനമായിരുന്നു.
അബദ്ധം മനസ്സിലായപ്പോൾ പാട്ടു നിർത്തി. സദസ്സിൽ കൂട്ടച്ചിരി. മന്ത്രി തലയിൽ കൈ വയ്ക്കുന്നതു കണ്ടു. ഒപ്പം പാടിയവർ സ്റ്റേജിന്റെ മൂലയിലേക്ക് ഓടിമാറി. മന്ത്രി വഴക്കു പറയുമോ എന്നായിരുന്നു എന്റെ പേടി. വരുന്നതു വരട്ടെ എന്നു കരുതി ഞാൻ മന്ത്രിയെ നോക്കി ‘സോറി’ പറഞ്ഞു. എന്നിട്ടു പാടിത്തീർത്തുബഹുമാനപ്പെട്ട മന്ത്രി ക്ഷമിക്കണം. പാട്ടിന്റെ ലൈൻ തെറ്റിപ്പോയി. അറിയാതെ പാടിയതാണ്… എന്നു പറഞ്ഞ് മന്ത്രിയെ രണ്ടു വട്ടം തൊഴുതു. പൊയ്ക്കൊള്ളാൻ മന്ത്രി ആംഗ്യം കാട്ടി.
നാക്കുപിഴയുടെ പേരിൽ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴും എം.എം.മണി ഏറെ പഴി കേട്ടിട്ടുണ്ട്. പക്ഷേ, പാരഡി ഗാനത്തിലൂടെ ‘പുകഴ്ത്തി’ ഒരു പരുവമാക്കിയ കുടുംബശ്രീ പ്രവർത്തകയുടെ നാവിൽ വരികൾ മാറി ആകെ ‘കുളമായി’. ‘പാട്ടുകൾ എനിക്കിഷ്ടമാണ്. ഏതൊരു പാട്ടും ആസ്വദിച്ചതു പോലെ കുടുംബശ്രീ പ്രവർത്തകരുടെ പാരഡി പാട്ടും ആസ്വദിച്ചു. വരികൾ തെറ്റിയപ്പോൾ അവർ മാപ്പു പറഞ്ഞല്ലോ. അവർ പാവങ്ങളല്ലേ, അബദ്ധം പറ്റിയതായിരിക്കാം. പാര‍ഡി പാട്ടുകൾ പാടുമ്പോൾ തെറ്റു പറ്റുന്നത് സ്വാഭാവികം…’– മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top