കൊച്ചി: മെഗാ കേബിള്‍ ഫെസ്റ്റ് ഇന്ന് മുതല്‍ എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. മെഗാ ഫെസ്റ്റിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കരന് നിര്‍വ്വഹിക്കും. കൊച്ചി കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ കെ ആര് പ്രേംകുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. മൂന്ന് ദിവസങ്ങളിലായിയാണ് മെഗാ കേബിള്‍ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
കേബിള്‍ ടിവി സേവനങ്ങള്‍ക്കുപരിയായി ഒട്ടേറെ അനുബന്ധ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്കാന് ഇതിനകം കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ തയ്യാറെടുത്തു കഴിഞ്ഞു. ഇന്റര്‍നെറ്റ് സര്‍വ്വീസിന്റെ ഭാഗമായി ഒടിടി, വോയ്സ് കോള്‍ തുടങ്ങിയ സേവനങ്ങള്‍ ഇപ്പോള്‍ തന്നെ നല്കാന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സിന് കഴിയുന്നുണ്ട്. ഭാവിയിലെ സാങ്കേതിക മാറ്റങ്ങളും വ്യവസായത്തിന്റെ സാധ്യതകളും കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും ഉപയോക്താക്കള്‍ക്കും പരിചയപ്പെടുത്തുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് സംഘടന കേരള ഇന്‍ഫോ മീഡിയയുടെ ആഭിമുഖ്യത്തില്‍ മെഗാ കേബിള്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട വിവിധ ട്രേഡര്‍മാര്‍ , സാങ്കേതിക വിദഗ്ധര്‍, മാധ്യമ പ്രവര്‍ത്തകര്‍, ബ്രോഡ്കാസ്റ്റര്‍ പ്രതിനിധികള്‍ , എം.എസ്.ഒ -ഐ.എസ്. പി -സേവനദാതാക്കള്‍ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധീകരിക്കുന്ന നൂറുകണക്കിന് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ തുടങ്ങി ഒട്ടേറെ പേര് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കേബിള്‍ ഫെസ്റ്റില്‍ പങ്കെടുക്കും.