കേരള രാഷ്ട്രീയത്തിൽനിന്നു മലയാള സാഹിത്യത്തിലേക്ക് പുതിയ കവിത.ജി.സുധാകരന്റെ പൂച്ചക്കവിതയ്ക്ക് ശേഷം ബിജെപി മുൻ സംസ്ഥാന പ്രസിഡന്റും നിലവിലെ മിസോറാം ഗവർണറുമായ പി.എസ് ശ്രീധരൻ പിള്ളയാണ് കവിതയുമായി എത്തിയിരിക്കുന്നത്. ‘മിസോറാം, പ്രിയ മിസോറാം’ എന്ന തലക്കെട്ടോടെ മിസോറാമിനെ കുറിച്ചാണ് അദ്ദേഹത്തിന്റെ കവിത.
‘ഓ,മിസോറാം നീയെത്ര സുന്ദരി’ എന്ന് തുടങ്ങുന്ന കവിത ബിജെപി മുഖപത്രമായ ജന്മഭൂമിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മിസോറാമിന്റെ മനോഹാരിതയെ കുറിച്ച് വർണിക്കുന്ന കവിതയിൽ സംസ്ഥാനം സ്വർഗ തുല്യമാണെന്നും തന്നെ ആരും ഇവിടെ നിന്ന് അകറ്റരുതെന്നും കവി പറയുന്നു.
അടുത്തിടെയാണ് ശ്രീധരൻ പിള്ളയെ മിസോറാം ഗവർണറായി നിയമിച്ചത്. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെയും തൽസ്ഥാനത്ത് നിന്നാണ് മിസോറാം ഗവർണർ സ്ഥാനത്തേക്ക് എത്തിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് കുമ്മനം ഗവർണർ സ്ഥാനം രാജിവച്ച് സജീവരാഷ്ട്രിയത്തിലേക്ക് മടങ്ങിയെത്തിയത്.