ലണ്ടന്‍: കോടികളുടെ വായ്പാത്തട്ടിപ്പു കേസില്‍ ലണ്ടനില്‍ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ബ്രിട്ടനിലെ കോടതി വീണ്ടും തള്ളി. ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് നീരവ് മോദിയുടെ അഞ്ചാമത്തെ ജാമ്യാപേക്ഷയും തള്ളിയത്. ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് കോടതി മുറിയില്‍ നീരവ് മോദി ഭീഷണി മുഴക്കി.
ജാമ്യത്തുകയായി 36 കോടി കെട്ടിവയ്ക്കാമെന്നും വീട്ടുതടങ്കലില്‍ കഴിയാന്‍ തയാറാണെന്നും നീരവ് മോദിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചെങ്കിലും ജഡ്ജി നിരസിച്ചു. ഇതുകൂടാതെ, ജയിലില്‍ വച്ച് താന്‍ രണ്ട് തവണ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് നീരവ് കോടതിയില്‍ പറഞ്ഞു. ജാമ്യം ലഭിച്ചാല്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാല് തവണ നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കോടതി ഉത്തരവിടുകയാണെങ്കില്‍ നീരവ് മോദിയെ ബ്രിട്ടന് ഇന്ത്യയ്ക്ക് കൈമാറും.