പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടികളില്‍ ഇളയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നുവെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വലതുഭാഗത്തെ കക്ഷത്തിന് ചുറ്റുമായി മുറിപ്പാട് ഉണ്ടായിരുന്നുവെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ ഇത്തരമൊരു മുറിവിനെ പറ്റി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശമില്ല. പെണ്‍കുട്ടി മരിച്ച സമയം മുറിക്കുള്ളില്‍ കട്ടിലിനു മുകളില്‍ രണ്ട് കസേരകള്‍ ഒന്നിനു മുകളില്‍ ഒന്നായി വെച്ചിരുന്നുവെന്ന സംഭവ സ്ഥലത്തെ മഹസറിന്റെ പകര്‍പ്പും പുറത്തു വന്നു.
അസ്വാഭാവികമായ മറ്റൊന്നും മുറിയില്‍ ഉണ്ടായിരുന്നില്ലെന്നും മഹസറില്‍ ഉണ്ട്. എന്നാല്‍ ഇത് ആസൂത്രിതമായ കൊലപാതകത്തിന്റെ സൂചനകളാണോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തിയില്ലെന്നതും തുടക്കം മുതല്‍ കേസ് അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണത്തിന് ശക്തി പകരുകയാണ്. ഇളയകുട്ടിയുടെ ശരീരത്തില്‍ മുറിപ്പാട് ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് ഉണ്ടായിട്ടും മരണത്തില്‍ കൃത്യമായ അന്വേഷണം നടന്നിട്ടില്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.