Kerala

ജോളിയുടെ മക്കളെ നോക്കും; അച്ഛനും അമ്മയും ഇല്ലാത്തതിന്റെ വിഷമം അനുഭവിക്കേണ്ടി വരില്ല: റോജോയും രഞ്ജിയും

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിയുടെ മക്കളെ തങ്ങള്‍ സംരക്ഷിക്കുമെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരങ്ങളായ റോജോ തോമസും രഞ്ജി തോമസും പറഞ്ഞു. തങ്ങളുടെ സഹോദരന്‍ റോയി തോമസിന്റെ മക്കളാണ് റോമോയും റൊണാള്‍ഡും. തങ്ങള്‍ എവിടെയുണ്ടോ അവിടെ ഞങ്ങളോടൊപ്പം അവരും ഉണ്ടാകുമെന്നും അച്ഛനും അമ്മയും ഇല്ലാത്തതിന്റെ ഒരു വിഷമവും അവര്‍ക്ക് അനുഭവപ്പെടില്ലെന്നും റോജോയും രഞ്ജിയും പറഞ്ഞു.

കുട്ടികളുടെ പഠനത്തിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. മൂത്തമകന്‍ റോമൊ ഷിംലയില്‍ കോളേജില്‍ പഠിക്കുകയാണ്. നവംബര്‍ ആദ്യ ആഴ്ചയില്‍ റോമോ പഠനത്തിനായി ഷിംലയിലേക്ക് തിരികെ പോകും. ഇളയ മകന്‍ റൊണാള്‍ഡ് താമരശ്ശേരിയില്‍ സിബിഎസ്ഇ സ്‌കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുകയാണ്. അവന് ഹോസ്റ്റലില്‍ നിന്ന് പഠനം തുടരണോ, ഹോം ട്യൂഷന്‍ ഏര്‍പ്പാടാക്കണോ തുടങ്ങിയ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും രഞ്ജി പറഞ്ഞു.

പിണറായിയിലെ സൗമ്യയുടെ കൂട്ടക്കൊലക്കേസ് വാര്‍ത്തകളാണ്, പൊന്നാമറ്റം തറവാട്ടിലെ ദുരൂഹമരണങ്ങള്‍ സംബന്ധിച്ച് ഞങ്ങള്‍ക്ക് സംശയം ജനിപ്പിച്ചതെന്ന് റോജോയും രഞ്ജിയും പറഞ്ഞു. ഈ മരണങ്ങളിലെല്ലാം ഞങ്ങള്‍ക്ക് സംശയം ഉണ്ടായിരുന്നു. എന്നാല്‍ ആരോടെങ്കിലും പറയാന്‍ ഒരു തെളിവ് പോലും ഉണ്ടായിരുന്നില്ല. എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെരുമാറ്റമായിരുന്നു ജോളിയുടേത്. എന്നാല്‍ വ്യാജ ഒസ്യത്തും, റോയി കൊല്ലപ്പെട്ട ഉടന്‍ തന്നെ അടുത്ത ബന്ധുവായ ഷാജുവിനെ കല്യാണം കഴിച്ചതുമാണ് ജോളിയെ സംശയിക്കാന്‍ ഇടയാക്കിയത്. കേസുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കുടുംബക്കാരില്‍ നിന്നും വന്‍ സമ്മര്‍ദ്ദമാണ് നേരിട്ടതെന്നും തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ വലിയൊരു രഹസ്യമാണ് പുറത്തുവന്നതെന്നും റോജോയും രഞ്ജിയും പറയുന്നു.

വൈക്കത്ത് സിബിഎസ്ഇ സ്‌കൂളില്‍ വൈസ് പ്രിന്‍സിപ്പലാണ് 42 കാരിയായ രഞ്ജി തോമസ്. നേരത്തെ കൊളംബോയില്‍ ഇംഗ്ലീഷ് അധ്യാപികയായും രഞ്ജി ജോലി നോക്കിയിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിലും സൈക്കോളജിയിലും എംഎഡ് (മാസ്റ്റര്‍ ഓഫ് എഡ്യുക്കേഷന്‍), കൗണ്‍സലിംഗില്‍ ബിരുദാനന്തരബിരുദം, ഹ്യൂമന്‍ റിസോഴ്സസില്‍ എംബിഎ എന്നീ ബിരുദങ്ങളും രഞ്ജി നേടിയിട്ടുണ്ട്. അമേരിക്കയിലെ ഫ്ലോറിഡയില്‍ അക്കൗണ്ടന്റാണ് 44 കാരനായ റോജോ തോമസ്. റോജോയ്ക്ക് രണ്ട് കുട്ടികളും രഞ്ജിക്ക് മൂന്ന് മക്കളുമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top