കോതമംഗലം: യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാരും വിശ്വാസികളും ഒന്നടങ്കം പങ്കു ചേർന്ന രണ്ടാം കൂനൻ കുരിശ് സത്യം കോതമംഗലത്ത് നടന്നു. കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ബസേലിയസ് ബാവായുടെ കബറിടത്തിൽ നിന്ന് തുടങ്ങി പള്ളിക്ക് മുൻപിലെ കൽകുരിശിൽ ആലാത്ത് കെട്ടി സത്യവിശ്വാസം ഏറ്റു പറയാൻ യാക്കോബായ സഭയുടെ വിവിധ പള്ളികളിൽ നിന്ന് ആയിരങ്ങളാണ് കോതമംഗലത്ത് എത്തിയത്.
ഓർത്തഡോക്സ് സഭ, യാക്കോബായ സഭയുടെ പള്ളികൾ കയ്യേറുന്നത് ചെറുത്ത് നിൽക്കാനും പുത്തൻ പോർമുഖം തുറക്കാനുമുള്ള യാക്കോബായ സഭയുടെ ഒരുക്കം കൂടിയായിരുന്നു ഇന്നത്തെ ചടങ്ങ്. ഇതുമായി ബന്ധപ്പെട്ട് ശ്രേഷ്ട കാതോലിക്കാ മാർ ബസേലിയസ് തോമസ് പ്രഥമൻ ബാവായുടെ കല്പന ഇന്ന് പള്ളികളിൽ വായിച്ചിരുന്നു.