ഇടുക്കി: ഓട്ടോ ഡ്രൈവര്‍ നല്കിയ ജ്യൂസ് കുടിച്ച പ്ലസ് ടൂ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണു. മൂന്നാര്‍ സര്‍ക്കാര്‍ സ്ക്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് അധ്യാപകന് ക്ലാസ് നടത്തുന്നതിനിടെ കുഴഞ്ഞുവീണത്. കുട്ടി മദ്യപിച്ചതായി അധ്യാപകന് സംശയിച്ചതിനെ തുടര്‍ന്ന് സംഭവം പ്രിന്‍സിപ്പാളിനെ അറിയിച്ചു. അധികൃതര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് മദ്യത്തിന്റെ അംശം കണ്ടെത്തിയത്. തുടര്‍ന്നാണ് ഓട്ടോ ഡ്രൈവര്‍ മദ്യം നല്‍കിയെന്ന് അറിഞ്ഞത്.
കഴിഞ്ഞ ദിവസം രാവിലെ മൂന്നാറില്‍ നിന്ന് സുഹൃത്തുക്കളായ നാല് വിദ്യാര്‍ത്ഥിനികള്‍ സ്ഥിരം കയറുന്ന ഓട്ടോയിലാണ് സ്ക്കൂളിലെത്തിയത്. ഇടയ്ക്കുവെച്ച് ഡ്രൈവര്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ജ്യൂസ് കുപ്പി വിദ്യാര്‍ത്ഥിനികള്‍ക്ക് നല്കി. ജ്യൂസ് കുടിച്ച് വിദ്യാര്‍ത്ഥിനികള്‍ സ്ക്കൂളിലെത്തിയത് മുതല്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചെങ്കിലും കാര്യം അധ്യാപകരെ അറിയിച്ചില്ല. 11 മണിയോടെ വിദ്യാര്‍ത്ഥിനികളിലൊരാള്‍ കുഴഞ്ഞുവീണതോടെയാണ് സംഭവം അധ്യാപകര്‍ അറിഞ്ഞത്. പ്രിന്‍സിപ്പാള്‍ നല്കിയ പരാതിയില്‍ പോലീസ് ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതി ഒളിവിലാണ്.